road
കേരള കൗമുദി പ്രസിദ്ധീകരിച്ച ചെങ്ങറ സഹകരണ മെമ്മോറിയൽ റോഡിന്റെ വാർത്ത

കോന്നി: ചെങ്ങറ സഹകരണ മെമ്മോറിയൽ റോഡിന്റെ പണികൾ പൂർത്തിയാക്കാൻ കെ.യു.ജനീഷ്‌കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20ലക്ഷം രൂപ അനുവദിച്ചു. പണികൾ പൂർത്തിയാവാതെ കിടക്കുന്ന ചെങ്ങറ സഹകരണ മെമ്മോറിയൽ റോഡിന്റെ വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടിയായത്.കോന്നി പഞ്ചത്തിലെ മൂന്നാം വാർഡിലെ ചെങ്ങറ - കുരിശുംമൂട് ജംഗ്ഷനിൽ നിന്നും തുടങ്ങി പഴയ പോസ്റ്റോഫീസ് പടി വരെയുള്ള സഹകരണ മെമ്മോറിയൽ റോഡിന്റെ പണികൾ പൂർത്തിയാകാത്തതിനാൽ റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് ചെങ്ങറ നിവാസികൾക്ക് കണികിടത്തുപടി, കുമ്പഴ തോട്ടം,മുക്കോത്തിപുന്ന വഴി പുതുകുളത്തേക്കു പോകാനായി നാട്ടുകാർ നിർമ്മിച്ച റോഡാണിത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ സമയത്ത് റോഡ് വികസനത്തിനായി 10ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒരു കിലോമീറ്റർ ദൂരമുള്ള റോഡിന്റെ കുറെ ഭാഗങ്ങളിൽ വീതി കൂട്ടിയെങ്കിലും പല ഭാഗങ്ങളിലും സൈഡുകൾ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചിടുകയും കലുങ്കുകളുടെ ഭാഗങ്ങളിൽ ഓടയുടെ മുകളിൽ സ്ലാബിടാതെയും പണികൾ മുടങ്ങി കിടക്കുകയായിരുന്നു. റോഡുപണി പാതിവഴിയിൽ നിലച്ചതുമൂലം കാൽ നടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡിലെ 100 മീറ്റർ ഭാഗത്താണ് കുറെ പണികൾ ചെയ്തു. ബാക്കി ഭാഗങ്ങൾ പൂർത്തിയാവാതെ കിടക്കുകയായിരുന്നു.

....................

ചെങ്ങറ സഹകരണ മെമ്മോറിയൽ റോഡിന്റെ പണികൾ പൂർത്തിയാക്കാൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പണം അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ ഉടനെ ആരംഭിക്കും.

ജോയിസ് ഏബ്രഹാം

(വാർഡ് മെമ്പർ )

....................

20 ലക്ഷം രൂപ അനുവദിച്ചു