പഴകുളം: തകർച്ചയിലായ കനാൽ പാലം പൊളിച്ചുപണിയാനുള്ള നടപടികൾ അനന്തമായി നീളുകയാണ്. ആനയടി - കൂടൽ റോഡിൽ പഴകുളത്ത് നിന്ന് കുരമ്പാലയ്ക്ക് തിരിയുന്ന ഭാഗത്താണ് കനാൽ പാലം. കൈവരികൾ അടർന്ന് കനാലിൽ വീണു. അടിഭാഗം ദ്രവിച്ച് അടർന്നു വീഴുകയാണ്. റോഡ് പുനർ നിർമ്മാണത്തിൽ ഈ പാലവും പൊളിച്ചു പണിയുമെന്നാണ് പറഞ്ഞിരുന്നത്. പാലം നിർമ്മാണം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. റോഡിന്റെ ടാറിംഗ് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ്. ഇതുവരെ ബി.എം മാത്രമാണ് ചെയ്തത്. ഇനി ബി.സി ചെയ്യാനുണ്ട്. ബി.സി. കൂടി ചെയ്ത ശേഷം പാലം പൊളിച്ചു പണിയാനാണ് ധാരണയെന്നാണ് അറിയുന്നത്. എപ്പോൾ പണി തുടങ്ങുമെന്ന് ഉറപ്പ് പറയാൻ അധികൃതർക്ക് കഴിയുന്നില്ല. ടാറിംഗ് ഒരു ഘട്ടം കഴിഞ്ഞതിനാൽ വാഹനത്തിരക്ക് കൂടുതലാണ്. പഴകുളത്ത് നിന്ന് പന്തളത്തിന് പോകേണ്ട വർ കൂടുതലും ഈ വഴിയാണ് ഉപയോഗിക്കുന്നത്. 40 വർഷത്തിലധികം പഴക്കമുണ്ട് പാലത്തിന് . അന്ന് ചെറിയ പാലമായാണ് പണിതത്. റോഡ് വികസിച്ച് കൂടുതൽ വാഹനങ്ങൾ കടന്നുപോയിട്ടും പാലം നവീകരിച്ചില്ല. അപകടത്തിൽപ്പെടുന്നതിന് മുൻപ് പുതിയ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.