 
തിരുവല്ല: ടി.കെ.റോഡിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴി യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മഞ്ഞാടി റെയിൽവേ മേൽപ്പാലത്തിന് സമീപത്തായി റോഡിൽ കുഴി രൂപപ്പെട്ടിട്ട് ഒരു മാസത്തോളമായി. ഇതുവഴി സ്ഥാപിച്ചിട്ടുള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയാണ് കുഴി രൂപപ്പെട്ടത്. അടിയിലെ ടാറിംഗും പൊളിഞ്ഞു മുകളിലത്തെ ഇന്റർലോക്ക് കട്ടകളും ഇളകിമാറി വലിയ കുഴിയായിരിക്കുകയാണ്. കുഴിയിൽ വീഴാതിരിക്കാൻ സൂചകകോണും അധികൃതർ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ മുന്നറിയിപ്പ് ശ്രദ്ധയിൽപ്പെടാതെ കുഴിയിൽ വീണ് അപകടം പതിവാണ്. ഇന്നലെയും കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മേൽപ്പാലത്തിന് സമീപത്ത് റോഡ് ഇടുങ്ങിയതാണ്. ഇതുകാരണം ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയില്ല. ഇതിനിടെ കുഴിയിൽ ചാടാതെ പോകാൻ വാഹനയാത്രക്കാർ ശ്രമിക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിനുസപ്പെട്ട് കിടക്കുന്ന റോഡിലൂടെ കിഴക്കുഭാഗത്ത് നിന്നും വരുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നത്. മേൽപ്പാലത്തിന് സമീപത്ത് മാത്രമാണ് ഇന്റർലോക്ക് കട്ടകൾ പാകിയിട്ടുള്ളത്. പൈപ്പിലെ ചോർച്ച ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ ജല അതോറിറ്റി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല.
....................
ടി.കെ.റോഡിലെ മഞ്ഞാടിയിൽ ഉണ്ടായ പൈപ്പിലെ തകർച്ച ഉടനെ പരിഹരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കും.
(ജല അതോറിറ്റി അധികൃതർ)