തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 31,024 പുരുഷൻമാരും 35,509 സ്ത്രീകളും ഉൾപ്പെടെ ആകെ 66,533 വോട്ടർമാരാണുള്ളത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിൽ 2,614 പുരുഷൻമാരും 2,835 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ ആകെ 5449 വോട്ടർമാരുണ്ട്.
പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും കൊമ്പങ്കേരി ഡിവിഷനിലേക്കും മൂന്നു വീതം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആനി തോമസ് (യു.ഡി.എഫ്), മായ അനിൽകുമാർ (എൽ.ഡി.എഫ്), സന്ധ്യമോൾ (എൻ.ഡി.എ). എന്നിവരാണ് സ്ഥാനാർത്ഥികൾ. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിൽ അനീഷ് (എൽ.ഡി.എഫ്), വി.റ്റി. പ്രസാദ് (എൻ.ഡി.എ), വി.കെ. മധു (യു.ഡി.എഫ്.) എന്നിവരാണ് സ്ഥാനാർത്ഥികൾ.
പോളിംഗ് ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് എച്ച്എസ്എസിൽ നിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളിൽ എത്തിച്ചു. വോട്ടെടുപ്പിനു ശേഷം ഇത് പോളിംഗ് ബൂത്തുകളിൽ നിന്ന് തിരികെ സ്വീകരിച്ച് കാവുംഭാഗം ദേവസ്വം ബോർഡ് എച്ച്എസ്എസിലെ സ്‌ട്രോംഗ് റൂമിൽ എത്തിക്കും. വോട്ടെണ്ണൽ നാളെ നടക്കും.