ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആറൻമുള പൊലീസ് നടത്തിയ അന്വേഷണം
കോഴഞ്ചേരി : ആറൻമുള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന്
അഞ്ചു വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുളച്ചൽ സ്വദേശിയായ ജോൺസ്നറുടെ ഭാര്യ ക്രിസ്റ്റീനാൾ (26 ) നെ ആറന്മുള തെക്കേ മലയിൽ താമസിക്കുന്നതിനിടെ 2017 ജൂലായിലാണ് കാണാതായത്. കാണാതായ സ്ത്രീകളെക്കുറിച്ച് ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തിൽ പുനരന്വേഷണം നടത്തുന്നതിനിടെ
കോട്ടയം കൊടുങ്ങൂരിലാണ് ഇവരെ കണ്ടത്. കാണാതായതിന് ശേഷം ഇവർ ബംഗളുരുവിൽ ഒരു വർഷം ഹോം നഴ്സായി ജോലി നോക്കി. പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിച്ചുവരികയായിരുന്നു. യുവതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ഡിവൈ.എസ്.പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ മനോജ്, എസ്.ഐ ഹരീന്ദ്രൻ നായർ , എ. എസ്. ഐ സജീഫ് ഖാൻ , എസ്.സി.പി.ഓ സലിം ,സി.പി..ഒ ലേഖ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.