
റാന്നി : ശബരിമല മണ്ഡല മകരവിളക്ക് കാലയളവിൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് സുഗമ യാത്രയൊരുക്കാനുളള തീരുമാനങ്ങളുമായി റാന്നി അങ്ങാടി പഞ്ചായത്ത്. അങ്ങാടി പഞ്ചായത്ത് ഗതാഗത പരിഷ്കരണ സമിതി യോഗം ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പേട്ട ജംഗ്ഷൻ മുതൽ ഓൾഡ് ബൈപ്പാസ് വരെയുള്ള ഭാഗത്ത് വാഹന പാർക്കിംഗ് പൂർണമായി ഒഴിവാക്കും. ന്യൂ ബൈപ്പാസ് വഴി എത്തി വടക്കോട്ട് തിരിഞ്ഞു പോകുന്ന വാഹനങ്ങൾ റോഡിന് ഇടത് വശം ചേർന്ന് യാത്ര തുടരണം. ഓൾഡ് ബൈപ്പാസ് ന്യൂ ബൈപ്പാസ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയോഗിക്കണമെന്നും നിർദേശം ഉണ്ടായി. അങ്ങാടി സ്റ്റേറ്റ് ബാങ്കിന് മുന്നിലെയും ന്യൂ ബൈപ്പാസിലെയും അനധികൃത പാർക്കിംഗും ഒഴിവാക്കും. മാമുക്കിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാക്കണമെന്നും നിർദേശം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, അംഗങ്ങളായ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, എലനിയാമ്മ ഷാജി, ജെവിൻ കാവുങ്കൽ, ജലജ രാജേന്ദ്രൻ, കുഞ്ഞു മറിയാമ്മ, ഷൈനി മാത്യൂസ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.ടി. അലക്സാണ്ടർ, ശാമുവേൽ തോമസ്, സജി നെല്ലുവേലി, ടിബു പുരയ്ക്കൽ,ശ്രീനി ശാസ്താംകോവിൽ , മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.