പത്തനംതിട്ട : അടൂർ മഹാത്മജനസേവന കേന്ദ്രത്തിലെ അന്തേവാസികളായ സാന്ദ്രയുടെയും അശ്വതിയുടെയും വിവാഹം 'സ്വയംവരം' 13ന് വൈകിട്ട് മൂന്നിന് കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടക്കും.
കടമ്മനിട്ട സ്വദേശി ഷീനയുടെ മകളായ സാന്ദ്ര വിനോദ് ബി.ബി.എ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. വൈക്കം സ്വദേശിനി ഗിരിജയുടെ മകളാണ് ബി. അശ്വതി. സാന്ദ്ര, കൊടുമൺ കൊച്ചുതുണ്ടിൽ വീട്ടിൽ മോനി ഫിലിപ്പ് ,ജെസി ദമ്പതികളുടെ മകൻ അൻസു മോനിയെയും അശ്വതി, കൊല്ലം കുണ്ടറ പടപ്പക്കര നെല്ലിമുക്കം ലക്ഷംവീട്ടിൽ ക്രിസ്റ്റി ജാൻസി ദമ്പതികളുടെ മകൻ ബിനുവിനെയുമാണ് വിവാഹം ചെയ്യുന്നത്.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി വീണാജോർജ്, ആന്റോ ആന്റണി എം.പി, കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ചലച്ചിത്ര നടനും സംവിധായകനുമായ നാദിർഷ, മഹാത്മ രക്ഷാധികാരിയും ചലച്ചിത്ര നടിയുമായ സീമ ജി.നായർ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഏഴംകുളം ഇമാം അൽ ഹാഫിസ് യൂസഫ് അൽ കൗസരി അൽ ഖാസിമി, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ എന്നിവരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
മഹാത്മ ജനസേവന കേന്ദ്രത്തിന് ഏനാദിമംഗലം പുതുവൽ ഉടയോൻമുറ്റം അമ്പലത്തിന് സമീപം ലഭിച്ച 18 സെന്റ് സ്ഥലത്തിൽ 8 സെന്റും അതിൽ നിർമ്മിച്ച വീടും സാന്ദ്രയ്ക്കും, ബാക്കി 10 സെന്റ് സ്ഥലം അശ്വതിക്കും വിവാഹ സമ്മാനമായി നൽകും. മഹാത്മ ജന സേവന കേന്ദ്രം പ്രവർത്തകരുടെ കരുതൽ നിധിയിൽ നിന്ന് രണ്ടു പേർക്കും 5 പവൻ വീതമുള്ള സ്വർണാഭരണങ്ങളും സമ്മാനമായി നൽകും.
കൊടുമൺ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെയും പൊതു സംഘടനകളുടെയും വകയായാണ് വസ്ത്രങ്ങളും, ഭക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.
പത്രസമ്മേളനത്തിൽ മഹാത്മ ജനസേവന കേന്ദ്രം ഡയറക്ടർ രാജേഷ് തിരുവല്ല,
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ , ജനറൽ കൺവീനർ അജികുമാർ രണ്ടാംകുറ്റി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻമാരായ എ.വിജയൻ നായർ, കുഞ്ഞന്നാമ്മ കുഞ്ഞ് എന്നിവർ പങ്കെടുത്തു.