 
പ്രമാടം : പൂങ്കാവ് പള്ളിത്തോട് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ. അധികൃതരുടെ അനാസ്ഥയെ തുടർന്ന് റോഡ് തോടായി മാറിയതോടെ ഇതുവഴിയുള്ള യാത്രയും ദുസഹമായിരിക്കുകയാണ്. വെള്ളക്കെട്ട് കാരണം വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡും നാശത്തിന്റെ വക്കിലാണ്. ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രമാടം പഞ്ചായത്തിലെ 18-ാം വാർഡിലാണ് ഈ പ്രദേശം.
ലക്ഷംവീട് കോളനി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൂങ്കാവ്. മഴ സമയങ്ങളിൽ പോലും ശുദ്ധജല ക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശവും ഇവിടെയുണ്ട്. പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ മിക്കവർക്കും ആവശ്യാനുസരണം വള്ളം ലഭിക്കുന്നില്ല. ജല അതോറിറ്റിയുടെ അനാസ്ഥ അവസാനിപ്പിച്ച് പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തി ശുദ്ധജല വിതരണം കാര്യക്ഷമാക്കണമെന്നും റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പൂങ്കാവിലെ പ്രധാന ഉപറോഡ്
പൂങ്കാവിലെ പ്രധാന ഉപറോഡാണിത്. കോന്നി, ളാക്കൂർ, ഇളകൊള്ളൂർ, മല്ലശേരിമുക്ക് എന്നിവിടങ്ങളിൽ നിന്നും എത്തുന്നവർ പൂങ്കാവ് കവല ചുറ്റാതെ പ്രമാടം - പത്തനംതിട്ട റോഡിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ ഈ ഉപറോഡാണ് ഉപയോഗിക്കുന്നത്. കൂടാതെ സമീപത്തുള്ള പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങൾ, ബാങ്ക്, സപ്ളൈക്കോ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. പഞ്ചായത്തിലെ പ്രധാന മാർക്കറ്റ് സ്ഥിതി ചെയ്യുന്നതും പൂങ്കാവിലാണ്.
...........................
പ്രമാടം പഞ്ചായത്തിവെ 18-ാം വാർഡിലെ പ്രദേശം