road-
വലിയകുളം അമ്പലംപടി

റാന്നി: വൈദ്യുതി വിളക്കില്ലാത്തതിനാൽ വലിയകുളം ശ്രീമഹാദേവ ക്ഷേത്രംപടി ഉൾപ്പടെയുള്ള ഭാഗങ്ങൾ സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിൽ. ഇവിടെ ഹൈമാസ്റ്റ് ലൈറ്റോ സോളാർ ലൈറ്റുകളോ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെയുണ്ട്. ക്ഷേത്രത്തിനു പുറമെ, സ്കൂളും സഹകരണ ബാങ്കും ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. രാത്രികാലങ്ങളിൽ പേടിയോടെയാണ് ആളുകൾ ഇതുവഴി നടന്നു പോകുന്നത്. വെളിച്ചക്കുറവിനു പുറമെ തെരുവുനായ ശല്യവുമുണ്ട്. ഇരുട്ടിൽ നടന്നു വരുന്നവർക്ക് നേരെ തെരുവുനായ കുരച്ചു ചാടുന്നത് പതിവാണ്. സോളാർ ലൈറ്റ് സ്ഥാപിക്കണം എന്ന ആവശ്യവുമായി നാട്ടുകാർ വടശേരിക്കര പഞ്ചായത്തിനെ ബന്ധപ്പെട്ടപ്പോൾ മരങ്ങൾ കൂടുതലുള്ളതിനാൽ തടസമാണെന്നായിരുന്നു മറുപടി. എന്നാൽ മരങ്ങൾ ഏറെയുള്ള പല സ്ഥലങ്ങളിലും സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആവശ്യവുമായി പ്രമോദ് നാരായൺ എം.എൽ.എയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. സമീപത്തുള്ള വഴി വിളക്കുകളും പ്രകാശിക്കുന്നില്ലെന്ന് പരാതിയുണ്ട്.

വലിയകുളത്തെ പ്രധാന ജംഗ്ഷനിൽ രാത്രിയിൽ വെളിച്ചമില്ലാത്തത് മൂലം ബുദ്ധിമുട്ടേറെയാണ്. ഹൈമാസ്റ്ര് ലൈറ്റോ സോളാർ ലൈറ്റോ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം

ദീപു.കെ.എസ്

വലിയകുളം മഹാദേവ ക്ഷേത്രം പ്രസിഡന്റ്