work
ടി.കെ. റോഡിലെ മഞ്ഞാടിയിൽ പൈപ്പിലെ ചോർച്ച പരിഹരിക്കാൻ പണി നടക്കുന്നു

തിരുവല്ല: ടി.കെ.റോഡിലെ മഞ്ഞാടിയിൽ പൈപ്പ് പൊട്ടിയുണ്ടായ യാത്രാ ദുരിതം ജല അതോറിറ്റി അധികൃതർ പരിഹരിച്ചു. മഞ്ഞാടി റെയിൽവേ മേൽപ്പാലത്തിന് സമീപത്തായി റോഡിൽ ഒരുമാസത്തോളമായി രൂപപ്പെട്ട കുഴിയാണ് അടച്ചത്. ടി.കെ.റോഡിലെ അപകടക്കെണിയായ പൈപ്പുകുഴിയെ കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. തിരുവല്ല ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്ന ലൈനിൽ പൈപ്പുകൾ തമ്മിൽ യോജിക്കുന്ന ഭാഗത്തായിരുന്നു ചോർച്ച. ഇന്നലെ രാവിലെ മുതൽ കുഴിയെടുത്ത് ചോർച്ച പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചു. ഇതുവഴി ടെലിഫോൺ കേബിളുകളും കടന്നുപോകുന്നുണ്ട്. കേബിളുകൾ മുറിയാതെ കുഴിയെടുക്കാൻ വൈകി. ഉച്ചയ്ക്കുശേഷം കനത്തമഴ പെയ്തതും ജോലികളെ വൈകിപ്പിച്ചു. സമീപത്തുനിന്ന് കുഴിയിലേക്ക് ഒഴുകിയെത്തിയ വെള്ളം കോരിവറ്റിച്ചശേഷമാണ് വൈകിട്ടോടെ ജോലികൾ പൂർത്തിയാക്കിയത്. റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടിരുന്നു. വീതികുറഞ്ഞ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.