cross-junction
കനത്തമഴയെത്തുടർന്ന് കുരിശുകവലയിൽ രൂപപ്പെട്ട വെള്ളക്കെട്ട്

തിരുവല്ല: ശക്തമായ മഴയിൽ എം.സി. റോഡിലും കുരിശുകവലയിലും വെള്ളക്കെട്ടുണ്ടായി. സമീപത്തെ കടകളിൽ വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത കനത്തമഴയിലാണ് വെള്ളക്കെട്ടിൽ റോഡ് കവിഞ്ഞു വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. എം.സി. റോഡും കായംകുളം റോഡും സംഗമിക്കുന്ന കുരിശുകവലയിൽ മണിക്കൂറുകളോളം ഒഴുകിപ്പോകാതെ വെള്ളം കെട്ടിക്കിടന്നത് ദുരിതമായത്. റോഡിൽ വെള്ളം നിറഞ്ഞത് മൂലം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. തിരുവല്ല-പൊടിയാടി റോഡ് അടുത്തകാലത്ത് നവീകരിച്ചപ്പോൾ ഓടകൾ ഉയർത്തി നടപ്പാത നിർമ്മിച്ചിരുന്നു. എന്നാൽ ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള വിടവുകൾ അടഞ്ഞതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. റോഡിന്റെ പലഭാഗങ്ങളിലും വെള്ളം നിറഞ്ഞിരുന്നു. അശാസ്ത്രീയ നിർമ്മാണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായതെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും വ്യാപാരിയും ജനശക്തി സംസ്ഥാന വൈസ് പ്രസിഡന്റുമായ സുരേന്ദ്രൻ കൊട്ടൂരത്തിൽ ആവശ്യപ്പെട്ടു.