vijayan

കൊടുമൺ : ബൈക്കിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വീട്ടിൽ വിജയനാണ് (53) കൊടുമൺ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 30 ന് ഉച്ചക്ക് ഒന്നരയ്ക്ക് ചൂരക്കുന്ന് മലനട അമ്പലത്തിനു സമീപം ബന്ധുവീട്ടിലേക്ക് നടന്നുപോയ 16 വയസുകാരനെ വീടിന് സമീപമുള്ള പ്രതിയുടെ വീടിനടുത്ത് ഇറക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന്, ഇയാൾ തന്റെ വീടിന് സമീപം കുട്ടിയെ ഇറക്കിയശേഷം ഫോൺ ശരിയാക്കി കൊടുക്കാമോ എന്ന് ചോദിച്ചു. പിന്നീട് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി ഇയാളുടെ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ കുട്ടി ബന്ധുവീട്ടിൽ അഭയം തേടി. സംഭവത്തെപ്പറ്റി ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ, സി.പി.ഒ സിന്ധു എം കേശവൻ, കുട്ടിയെ പാർപ്പിച്ചുവന്ന വയലത്തല ചിൽഡ്രൻസ് ഹോമിലെത്തി കൗൺസിലറുടെ സാന്നിദ്ധ്യത്തിൽ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങുകയായിരുന്നു.