pandanadu
വയോധികയെ പാണ്ടനാട് പോളിംഗ് സ്റ്റേഷനിലേക്ക് വോട്ടുചെയ്യാൻ എത്തിച്ചപ്പോൾ

ചെങ്ങന്നൂർ: പാണ്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് അറിയാം. രാവിലെ 10 മണിയോടു കൂടിതന്നെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 77.90ശതമാനം പോളിംഗ് രേഖപ്പെടുത്തി. 256 പുരുഷന്മാരും 340 സ്ത്രീകളും ഉൾപ്പെടെ 596 പേർ വോട്ടുചെയ്തു. പാണ്ടനാട് ശ്രീ വിവേകാനന്ദാ ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ പോളിംഗ് സ്റ്റേഷനിലായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും പ്രചാരണ രംഗത്തും വോട്ടെടുപ്പിലും മുന്നണികൾ തമ്മിൽ വീറും വാശിയും പ്രകടമായിരുന്നു. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള വാർഡിൽ ന്യൂനപക്ഷവിഭാഗത്തിൽ നിന്നും പകുതിവോട്ടുകൾ മാത്രമാണ് ഇക്കുറി പോൾ ചെയ്തതെന്നാണ് സൂചന. മൂന്ന് മുന്നണികൾക്കും വ്യക്തമായ വോട്ടടിത്തറ ഉളള വാർഡിൽ നിഷ്പക്ഷ വോട്ടറന്മാർ ആയിരിക്കും ഇക്കുറി വിധി നിർണയിക്കുക.
ബി.ജെ.പിക്ക് ശക്തമായ വോട്ടടിത്തറയുള്ള വാർഡിൽ നിന്നും രണ്ടാം തവണയും വിജയിച്ച് പ്രസിഡന്റായ ആശാ വി.നായരെ ഇടതുപാളയത്തിലെത്തിച്ച് എൻ.ഡി.എയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചാണ് ഇടതുപക്ഷം ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. മുൻ പ്രസിഡന്റിനെ തന്നെ സി.പി.എം സ്ഥാനാർത്ഥിയാക്കി ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ് സി.പി.എം സൃഷ്ടിച്ചത്. അതു കൊണ്ടു തന്നെ ബി.ജെ.പിക്കും സി.പി.എമ്മിനും ഇത് അഭിമാന പോരാട്ടമാണ്. സി.പി.എമ്മിനു വേണ്ടി മുൻ മന്ത്രി സജി ചെറിയാനും ബി.ജെ.പിക്ക് ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാറും പ്രചാരണ രംഗത്ത് എത്തി. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും എത്തിയ ആളാണ് ബി.ജെ.പി സ്ഥാനാർത്ഥി മനോഹരൻ വി.ജി. കഴിഞ്ഞ തവണ താമരചിഹ്നത്തിൽ ലഭിച്ച വോട്ട് നേടാനായാൽ വിജയം കൈവരിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. കഴിഞ്ഞ തവണ മത്സരിച്ച ജോസ് വല്ല്യാനൂർ ആണ് ഇക്കുറിയും കോൺഗ്രസ് സ്ഥാനാർത്ഥി. വലിയ ആത്മവിശ്വാസവും വിജയ പ്രതീക്ഷയുമാണ് കോൺഗ്രസ് ക്യാമ്പിനുമുളളത്. സി.പി.എം, ബി.ജെ.പി വിരുദ്ധ വോട്ടുകൾക്ക് പുറമേ ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി തങ്ങൾക്ക് അനുകൂലമായാൽ അനായാസ വിജയം ലഭിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളുടെ പ്രതീക്ഷ.
ബി.ജെ.പി. ഭരിച്ചിരുന്ന പഞ്ചായത്തിൽ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി. 6, എൽ.ഡി.എഫ്. 5, കോൺഗ്രസ് 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആശയുടെ രാജിയോടെ 12 അംഗ ഭരണസമിതിയിൽ ബി.ജെ.പി. 5, എൽ.ഡി.എഫ്. 5, കോൺഗ്രസ് 2 എന്നിങ്ങനെയായി കക്ഷിനില. ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, എൻ.ഡി.എ. വിജയിച്ചാൽ അവർ പഞ്ചായത്തിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയാകും. നിലവിൽ പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണത്തിന് കോൺഗ്രസ് പിന്തുണ പിൻവലിക്കാത്ത പക്ഷം ഭരണമാറ്റത്തിനു സാദ്ധ്യതയില്ല