
തിരുവല്ല : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മായാ അനിൽകുമാർ വിജയിച്ചു. കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിൽ നടന്ന വോട്ടെണ്ണലിൽ 1,785 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മായ സീറ്റ് നിലനിറുത്തിയത്. ആകെ പോൾ ചെയ്ത 31,811 വോട്ടുകളിൽ എൽ.ഡി.എഫിന് 14,772 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ആനി തോമസ് 12,987 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി സന്ധ്യാമോൾ 5,138 വോട്ടുകളും നേടി. ജില്ലാകളക്ടർ ദിവ്യ എസ് അയ്യർ ഫലപ്രഖ്യാപനം നടത്തി. എൽ.ഡി.എഫിലെ ഡാലിയ സുരേഷ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാൽ രാജിവച്ചതിനെ തുടർന്നാണ് രണ്ടുവർഷം തികയുംമുമ്പേ പുളിക്കീഴ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. മായാ അനിൽകുമാർ സാമൂഹ്യ പ്രവർത്തകയും വനിതാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറിയുമാണ്. കേരള കോൺഗ്രസ് (എം) കടപ്ര മണ്ഡലം പ്രസിഡന്റ് പരുമല പുല്ലേലിക്കാട്ടിൽ ബാബുവാണ് ഭർത്താവ്. മക്കൾ : അഭിഷേക്, ദീപക്.
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ
2022ൽ
പോളിംഗ് : 49.47 %
എൽ.ഡി.എഫ് : 14,772
യു.ഡി.എഫ് : 12,987
എൻ.ഡി.എ : 5,138
ഭൂരിപക്ഷം : 1785
2020ൽ
പോളിംഗ് : 71.75 %
എൽ.ഡി.എഫ് : 21,370
യു.ഡി.എഫ് : 16,900
എൻ.ഡി.എ : 9,317
ഭൂരിപക്ഷം: 4,470
കൊമ്പങ്കേരിയിലും എൽ.ഡി.എഫ്
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അനീഷ് വിജയിച്ചു. 434 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനീഷ് സീറ്റ് നിലനിറുത്തിയത്. അനീഷിന് 1812 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.മധു 1,278 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി.പ്രസാദ് 245 വോട്ടുകളും നേടി. എൽ.ഡി.എഫിലെ എം.ജെ.അച്ചൻകുഞ്ഞ് മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫിന് സീറ്റ് നഷ്ടമായിരുന്നുവെങ്കിൽ പുളിക്കീഴ് ബ്ലോക്കിൽ ഭരണ പ്രവിസന്ധി ഉണ്ടായേനെ.