പത്തനംതിട്ട : ബസ് സ്റ്റോപ്പുകളിൽ നിറുത്താൻ അനുമതിയില്ല. സ്റ്റോപ്പിനായി മറ്റ് സ്ഥലം കണ്ടെത്തിയാൽ അവിടെ പാർക്കിംഗ് പ്രശ്നം. ഇനി നഗരത്തിൽ തിരക്കേറിയ സമയമാണെങ്കിൽ യാത്രക്കാരനെയും ലഗേജും കയറ്റി കഴിയുമ്പോൾ റോഡ് ബ്ളോക്കാകും.

ജില്ലയിലെ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അവസ്ഥയാണിത്. അന്തർ സംസ്ഥാന ബസുകൾക്ക് നഗരത്തിൽ സ്റ്റോപ്പില്ല. ജൂവലറി, പമ്പ്, ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്പിൽ നിന്ന് അമ്പത് മീറ്രർ മാറി എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നിറുത്തിയാണ് അന്തർ സംസ്ഥാന ബസുകാർ യാത്രക്കാരെ കയറ്റുന്നത്.

ജില്ലയിൽ സർവീസ് കൃത്യമായി നടത്തുന്നത് പത്ത് ബസുകളാണ്. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലത്തേക്കുള്ള സർവീസുകളാണ് ജില്ലയിൽ നിന്ന് പുറപ്പെടുന്നതിലധികവും. മറ്റ് ജില്ലകളിൽ നിന്ന് വരുന്ന ഹൈദരാബാദ് ബസുകളും ജില്ലയിലെത്താറുണ്ട്.

പത്തനംതിട്ടയിൽ കോളേജ് ജംഗ്ഷൻ, സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വഴിയോരത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. കോന്നി, അടൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ജില്ലയിലൊരിടത്തും അന്തർ സംസ്ഥാന ബസുകൾക്കായി പ്രത്യേക സ്റ്റോപ്പില്ല.

" വലിയ ബസാണ്. ലഗേജ് സൗകര്യങ്ങൾ വാഹനത്തിന്റെ താഴെയായിരിക്കും ഉള്ളത്. ടിക്കറ്റ് പരിശോധിച്ച് ആളെ കയറ്റിയതിന് ശേഷം ലഗേജ് ഡിക്കിയിൽ വയ്ക്കണം. അതിനൊക്കെ സമയമെടുക്കും. കൂടുതൽ ആളുണ്ടെങ്കിൽ സമയം കൂടും. പാർക്കിംഗ് സ്ഥലമുള്ള കടകളുടെ മുമ്പിലും പമ്പുകളിലുമാണ് യാത്രക്കാരോട് നിൽക്കാൻ പറയുക. നമ്മൾ ആവശ്യപ്പെടുന്ന സ്ഥലത്തെത്തണമെന്ന് പറഞ്ഞാൽ അവർക്ക് ബുദ്ധിമുട്ടാണ്. യാത്രക്കാർക്ക് കൂടെ അംഗീകരിക്കാൻ പറ്റുന്ന സ്ഥലമാണ് തെരഞ്ഞെടുക്കുക. എല്ലാവർക്കും എത്താൻ കഴിയുന്ന ഒരു സ്ഥലം ലഭിച്ചാൽ നന്നായിരിക്കും "

അന്തർ സംസ്ഥാന ബസ് ഡ്രൈവർ