 
പ്രമാടം : ഉയർത്തിപ്പണിത റോഡിന്റെ ഇരുവശങ്ങളും മാസങ്ങൾ കഴിഞ്ഞിട്ടും നികത്താത്തത് മൂലം പൂങ്കാവ്- പ്രമാടം- പത്തനംതിട്ട റോഡിലെ പ്രമാടം എസ്.എൻ.ഡി.പി ജംഗ്ഷൻ മുതൽ സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് അപകടക്കെണി . അമിത വേഗതയിലാണ് വാഹനങ്ങൾ ഇതുവഴി പോകുന്നത്.
വളവും കയറ്റവും ഇറക്കവുമുള്ള ഭാഗമാണ് ഇവിടം. സൈഡ് കൊടുക്കുന്ന വാഹനങ്ങൾ റോഡരികിലേക്ക് ചാടിയാണ് അപകടങ്ങൾ സംഭവിക്കുന്നത്.
ശ്രീനാരായണ ഗുരുമന്ദിരം , ട്യൂഷൻ സെന്ററുകൾ , വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളാണ് കാൽനടയായും സൈക്കിളിലുമായി പോകുന്നത്.
.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പുനർനിർമ്മിച്ചിട്ട് മാസങ്ങളായെങ്കിലും അനുബന്ധ ജോലികൾ ഇഴയുകയാണ്. റോഡ് ഉയർത്തിയ ഭാഗങ്ങൾ അപകട രഹിതമാക്കുന്നതിന്റെ ഭാഗമായി വശങ്ങളിൽ ഇന്റർലോക്ക് കട്ടകൾ പാകലും കോൺക്രീറ്റിംഗും നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് നടന്നില്ല. പൂങ്കാവ് മുതൽ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളിൽ ഭാഗികമായാണ് അനുബന്ധ ജോലികൾ നടത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ കോൺക്രീറ്റിംഗ് നടത്തിയിട്ടുണ്ടെങ്കിലും പൂർണമല്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൂങ്കാവിലും സ്കൂൾ ജംഗ്ഷനിലും അഴൂരിലും അടുത്തിടെയാണ് ഇന്റർ ലോക്ക് കട്ടകൾ പാകിയത്.
പരിഹാരം കാണണം
റോഡ് അപകട രഹിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 361-ാം നമ്പർ ശാഖാ ഭരണസമിതിയും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്
ജനപ്രതിനിധികൾക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. യാതൊരു നടപടിയും ഉണ്ടായിട്ടില്ല.