thodu
അടൂർ വലിയതോട്ടിൽ രൂപംകൊണ്ട മൺകൂന.

അടൂർ : ഇരട്ടപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് തോടിന്റെ വശങ്ങളിൽ നിന്ന് നീക്കംചെയ്ത് തോടിന്റെ നടുവിലേക്ക് തള്ളിയ മൺകൂന നീക്കം ചെയ്യാൻ നടപടിയായില്ല. ഇതോടെ തോടിന്റെ സുഗമമായ ഒഴുക്ക് തടസപ്പെട്ടു. കഴിഞ്ഞ നവംബറിൽ വലിയ തോട് കരകവിഞ്ഞ് ടൗൺ വെള്ളത്തിൽ മുങ്ങിയതിന് ഇടയാക്കിയത് ഇൗ മൺകൂനയാണ്. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് തോടിന്റെ ഇരുവശങ്ങളും സംരക്ഷണ ഭിത്തികെട്ടി നവീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണും നേരത്തെ സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്ന പാറക്കഷണങ്ങളും തോടിന്റെ ന‌ടുവിലേക്ക് തള്ളുകയായിരുന്നു. ഇതിന് മുകളിൽ കാട് വളർന്ന് തുരുത്തായി മാറി.. നല്ല വീതിയുണ്ടായിരുന്ന തോടിന്റെ ഒരുവശത്തുകൂടി ചാലായാണ് നിലവിൽ വെള്ളം ഒഴുകുന്നത്. തോടിന്റെ ഇരുവശങ്ങളിലും സംരക്ഷഭിത്തി നിർമ്മിച്ചെങ്കിലും മൺകൂന നീക്കം ചെയ്യാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഏഴംകുളം ഭാഗത്തുനിന്ന് ആരംഭിച്ച് വിവിധ അരുവികൾ ചേർന്ന് അടൂരിലെത്തുമ്പോൾ വലിയതോടായും പള്ളിക്കലിൽ പഞ്ചായത്തിലേക്ക് എത്തുമ്പോൾ പള്ളിക്കലാറായും മാറുന്ന തോടാണിത്. ഏഴംകുളം പഞ്ചായത്ത്,

അടൂർ നഗരസഭ, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

തോട്ടിൽ കുന്നുകൂട്ടിയിട്ട മൺകൂന നീക്കം ചെയ്യാത്ത നടപടി പ്രതിഷേധാർഹമാണെന്നും ശക്തമായ മഴപെയ്താൽ നഗരത്തിൽ വീണ്ടും വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിന് ഇത് വഴിതെളിക്കുമെന്നും ഡി. സി. സി ജനറൽ സെക്രട്ടറി

അഡ്വ. ബിജു വർഗീസ് പറഞ്ഞു.