 
റാന്നി: ജണ്ടായ്ക്കൽ വലിയകുളം അത്തിക്കയം റോഡ് തകർന്നു. കാക്കമാല ഭാഗത്തേക്കുള്ള റോഡിൽ നിന്നും മഴയിൽ ഒലിച്ചിറങ്ങി വരുന്ന കല്ലും മണ്ണുമാണ് റോഡിനു നാശമുണ്ടാക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അടുത്തിടെ കോൺക്രീറ്റ് ചെയ്ത കാക്കമലയിലേക്കുള്ള റോഡിന്റെ വശങ്ങളിൽ കൂടി വെള്ളം ഒഴുകി പോകുവാൻ വേണ്ട ക്രമീകരണം ചെയ്തിട്ടില്ല. ഇതുമൂലം റോഡിന്റെ നടുഭാഗത്തുകൂടിയാണ് വെള്ളം ഒഴുകുന്നത്. പ്രധാന പാതയിലേക്ക് ഉരുളൻ കല്ലുകളും മറ്റും ഒലിച്ചു എത്തുന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. പലപ്പോഴും ഇതു അപകടങ്ങൾ കാരണമാകുന്നുണ്ട്. നിരപ്പായ റോഡിനു ശേഷം അൽപ്പം വളവോടു കൂടിയ പ്രദേശത്താണ് ഇത്തരത്തിൽ അപകടക്കെണി ഉണ്ടാകുന്നത്. ഓടകൾ നിർമ്മിച്ചില്ലെങ്കിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ജണ്ടായ്ക്കൽ - അത്തിക്കയം റോഡിലെ വലിയകുളം ജംഗ്ഷൻ വരെ തകരും. അടിയന്തരമായി റോഡിന്റെ വശങ്ങളിൽ ഓടകൾ സ്ഥാപിച്ചു വെള്ളം ഒഴുകി പോകാൻ ക്രമീകരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാറാണംമൂഴി വടശേരിക്കര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്.