safe-zone

പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി 400 കിലോമീറ്റർ സേഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ആർ.ടി.ഒ എ.കെ.ദിലു അറിയിച്ചു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാതകളിൽ 24 മണിക്കൂറും പ്രത്യേക സുരക്ഷ സന്നാഹങ്ങളും തീർത്ഥാടകരെ സഹായിക്കാൻ 20 സ്‌ക്വാഡുകളും രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിൽ ശബരിമല സുഖദർശനം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ നിരീക്ഷിച്ച് നടപടികളുണ്ടാകും. ഇലവുങ്കൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലും ഓരോ ഓഫീസുകളുണ്ടാകും. കേന്ദ്രീകൃത സംവിധാനത്തിലൂടെ ഓഫീസിലിരുന്നുകൊണ്ട് പാതകൾ നിരീക്ഷിക്കാനും നടപടികളെടുക്കാനുമാകും. വൈദ്യുത വാഹനങ്ങളാകും ഇത്തവണ മോട്ടോർ വാഹനവകുപ്പ് ഉപയോഗപ്പെടുത്തുന്നത്.

ഏഴ് മിനിട്ടിനുള്ളിൽ സഹായം

ശബരിമല പാതകളിൽ എവിടെയെങ്കിലും അപകടങ്ങളുണ്ടായാൽ ഏഴു മിനിട്ടിനകം മോട്ടോർ വാഹനവകുപ്പ് സ്‌ക്വാഡ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അജിത് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാവശ്യമായ സംവിധാനങ്ങളും സേഫ് സോൺ പദ്ധതിയിൽ സജ്ജീകരിക്കും. ക്രെയിൻ, ആംബുലൻസ് എന്നിവ സജ്ജീകരിക്കും. ബ്രേക്ക് ഡൗൺ സർവീസിനായി പ്രധാനപ്പെട്ട എല്ലാ വാഹന നിർമാതാക്കളുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിലടക്കം പരിശീലനം ലഭിച്ച 60 ഡ്രൈവർമാരെ താത്കാലികാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തും. ബിലീവേഴ്‌സ് ആശുപത്രിയുടെ സഹകരണത്തിൽ ഇവർക്കുള്ള പരിശീലനം നൽകിവരുന്നു. അപകടങ്ങളൊഴിവാക്കുന്നതിന് ബ്ലാക്ക് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ സ്‌ക്വാഡിനെ ഡ്യൂട്ടിയ്ക്കിടും. വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ശബരിമല പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഒരു ബാച്ചിന് ഒമ്പതു ദിവസത്തെ ഡ്യൂട്ടിയാണ് നൽകുന്നത്.

ഒട്ടാേ യാത്ര തടയും

ഓട്ടോറിക്ഷകളിലും ചരക്ക് വാഹനങ്ങളിലും പമ്പയിലേക്ക് യാത്ര ചെയ്യുന്നത് പൂർണമായി തടയും. ഇത്തരം വാഹനങ്ങളിലെത്തുന്നവരെ തടഞ്ഞു മറ്റു വാഹനങ്ങളിൽ പമ്പയിലേക്ക് അയയ്ക്കും. ഓട്ടോറിക്ഷകൾക്ക് അന്തർ ജില്ലാ യാത്ര 20 കിലോമീറ്ററിൽ കൂടുതലും ചരക്ക് വാഹനങ്ങളിൽ യാത്രക്കാരുമായി പോകുന്നതും നിയമപരമല്ലെന്ന കാരണത്താലാണ് കർശന നടപടി സ്വീകരിക്കുന്നത്. വാഹനങ്ങളിൽ അമിതമായ അലങ്കാരങ്ങൾ അനുവദിക്കില്ല. ഹെൽമറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികർക്കെതിരെയും നടപടികളുണ്ടാകും. കെ.എസ്.ആർ.ടി.സി ബസുകളിലടക്കം സുരക്ഷിത യാത്ര ഉറപ്പാക്കും.

സേഫ് സോൺ പദ്ധതിയിലെ പാതകൾ

പത്തനംതിട്ട - പമ്പ, നിലയ്ക്കൽ - എരുമേലി, എരുമേലി - മുണ്ടക്കയം, കുമളി - കോട്ടയം, കമ്പംമേട് - കട്ടപ്പന, കുട്ടിക്കാനം - വണ്ടിപ്പെരിയാർ

ഹെൽപ് ലൈൻ നമ്പരുകൾ: 9400044991, 9562318181.