
പത്തനംതിട്ട : ലോകം ഉറ്റ് നോക്കുന്ന കാൽപന്ത് കളിക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലും ഫുട്ബാൾ ലോകകപ്പിന്റെ ആരവം ഉയർന്നു. ലോകകപ്പ് ഫുട്ബാൾ മേളയുടെ പ്രചരണാർത്ഥം കായിക വകുപ്പ് സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ മത്സരത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വൺ മില്യൺ ഗോളിന്റെ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പൊലീസ് ഉദ്യോഗസ്ഥർ, ന്യായാധിപന്മാർ, കായിക അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വൺ മില്യൻ ഗോളിൽ പങ്കാളികളാകും. വൺ മില്യൺ ഗോൾ മത്സരം ഈ മാസം 21ന് സമാപിക്കും. ഗോൾ അടിക്കുന്നതിന് വേണ്ടി 71 കേന്ദ്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഗോൾ നിറയ്ക്കൽ മത്സരങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ കായിക അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനികുമാർ അറിയിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും ഗോളടിമത്സരത്തിൽ പങ്കാളിയാകാം.
പമ്പയിലും ഗോൾ വല
ഈ മാസം 20ന് ശബരിമല തീർത്ഥാടകർക്ക് പങ്കാളിയാകാൻ പമ്പയിലും ഗോൾ വല സജ്ജമാക്കുന്നുണ്ട്. ആദിവാസി മേഖലകളായ അട്ടത്തോട്, ളാഹ, പുനരധിവാസ മേഖലയായ ഗവി എന്നിവിടങ്ങളിൽ ഗോൾ വല ഒരുക്കും. മുൻ ദേശീയ ഫുട്ബാൾ താരം കെ.ടി.ചാക്കോ ആണ് ജില്ലയുടെ അംബാസിഡർ. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ഭാഗമായി പ്രസ് ക്ലബ്ബുമായി ചേർന്ന് ക്വിസ് മത്സരവും ലോകകപ്പ് വിജയികൾക്കായുള്ള പ്രവചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കും.
ഗോൾ അടിക്കാൻ 71 കേന്ദ്രങ്ങൾ