 
ചെങ്ങന്നൂർ: പാണ്ടനാട് ഏഴാം വാർഡായ വന്മഴി വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പെരുമ. അട്ടിമറി വിജയമാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസ് വല്ല്യാനൂർ നേടിയത്. ബി.ജെ.പി. തുടർച്ചയായി രണ്ടുതവണ വിജയിച്ച വാർഡിലാണ് യു.ഡി.എഫ് 40 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ബി.ജെ.പി വിട്ട് എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് ആശാ വി. നായർ 220 വോട്ട് നേടിപ്പോൾ എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിച്ച വി.ജി. മനോഹരന് 116 വോട്ട് മാത്രമാണ് നേടാനായത്.
കഴിഞ്ഞ തവണ 280 വോട്ട് നേടിയ ബി.ജെ.പി.ക്ക് ഇത്തവണ കിട്ടിയത് 116 വോട്ടാണ്. 164 വോട്ടുകൾ കുറഞ്ഞു. 191 വോട്ട് കിട്ടിയ എൽ.ഡി.എഫ് ഇത്തവണ 220 വോട്ട് നേടി നില മെച്ചപ്പെടുത്തി. 29 വോട്ട് കൂടി. എന്നാൽ കഴിഞ്ഞ തവണ 133 വോട്ട് മാത്രം കിട്ടിയ യു.ഡി.എഫിന് ഇത്തവണ 260 വോട്ട് ലഭിച്ചു. വോട്ട് ഇരട്ടിയായി വർദ്ധിച്ചു. 127 വോട്ടാണ് കൂടിയത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി സജി ചെറിയാൻ എം.എൽ.എയും എൻ.ഡി.എയ്ക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറും പ്രചാരണത്തിനെത്തിയപ്പോൾ യു.ഡി.എഫിനുവേണ്ടി പ്രമുഖരാരും തന്നെ പ്രചാരണത്തിനിറങ്ങിയില്ല. വോട്ടെണ്ണലിന് മുൻപ് വരെ സി.പി.എമ്മും ബി.ജെ.പിയും വിജയപ്രതിക്ഷ പങ്കിട്ടപ്പോഴും യു.ഡി.എഫ് മുന്നേറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടർമാരെ കേന്ദ്രീകരിച്ചുളള പ്രവർത്തനമാണ് യു.ഡി.എഫ്. വിജയത്തിന് നിർണായക പങ്കുവഹിച്ചത്.
കൂറുമാറ്റം യു.ഡി.എഫിന് അനുകൂലമായി
കൂറുമാറ്റ രാഷ്ട്രീയം നിക്ഷപക്ഷ വോട്ടർമാരെ യു.ഡി.എഫിന് അനുകൂലമാക്കി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി വിജയിച്ചാൽ പ്രസിഡന്റാകുമെന്ന പ്രചരണം ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് അടുപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അസംതൃപ്തരായ സി.പി.ഐയുടെ വോട്ടുകളിൽ വിള്ളലുണ്ടായി. പിന്നാക്ക വിഭാഗം വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതാണ് സി.പിഎമ്മിന് തോൽവിയിലും നേട്ടമായത്. എൻ.ഡി.എയ്ക്ക് വലിയ രീതിയിൽ വോട്ടുചോർച്ചയുണ്ടായി. മുന്നാക്ക വിഭാഗം വോട്ടുകൾ മാത്രമാണ് കൃത്യമായി സമാഹരിക്കാനായത്. ബി.ജെ.പി അനുഭാവികളുടെയടക്കം വോട്ടുകൾ യു.ഡി.എഫിലേക്ക് പോയതായാണ് കണക്കുകൾ നൽകുന്ന സൂചന.