ഇലവുംതിട്ട: പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ജനകീയ അഭിപ്രായം തേടിയുള്ള സ്‌കൂൾതല ചർച്ചകൾ ശ്രദ്ധേയമാകുന്നു. വിദ്യാലയങ്ങളിൽ നേരത്തെ രൂപീകരിച്ചിട്ടുള്ള സ്‌കൂൾതല സംഘാടകസമിതികളുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. ചർച്ചകൾക്കായി എല്ലാ വിദ്യാലയങ്ങൾക്കും കേരളപാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പ് ലഭ്യമാക്കിയിട്ടുണ്ട്. അതോടൊപ്പം എല്ലാ വിദ്യാലയത്തിലെയും അദ്ധ്യാപകർക്ക് ജനകീയ ചർച്ച നയിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. പാഠ്യ പദ്ധതി പരിഷ്‌കരണം എന്തിന് എന്ന് വിശദമാക്കുന്ന പതിനഞ്ച് മിനിറ്റ് നീളുന്ന പൊതു അവതരണത്തിനു ശേഷം ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത വിഷയ മേഖലകളെ കുറിച്ച് ചർച്ച ചെയ്യുന്ന രീതിയാണ് ബഹുജന ചർച്ച പരിപാടിയിൽ സ്വീകരിച്ചിട്ടുള്ളത്.ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തികൾ പറയുന്ന അഭിപ്രായങ്ങൾ അതേപടി രേഖപ്പെടുത്തി ശേഖരിക്കുക എന്ന സമീപനമാണ്. ഒരു പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും കുറിപ്പുകൾ ഉപയോഗപ്പെടുത്തി പഞ്ചായത്ത് തല ചർച്ചയും നടക്കും. സ്‌കൂൾതല ചർച്ചകളിൽ പങ്കെടുക്കുവാൻ കഴിയാത്തവർക്ക് പഞ്ചായത്തുതല ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായം പറയുന്നതിനും അവസരമുണ്ട്. ഇലവുംതിട്ട നല്ലാനിക്കുന്ന് സി.എം.എസ്.യു.പി.സ്‌കൂളിൽ നടന്ന ജനകീയ ചർച്ച ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഭിലാഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ കറസ്‌പോണ്ടന്റ് റവ.മാത്യു പി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി.റിസർച്ച് ഓഫീസർ രാജേഷ് എസ്.വള്ളിക്കോട് വിഷയാവതരണം നടത്തി. പഞ്ചായത്തംഗം മഞ്ജുഷ എൽ.,പി.ടി.എ.പ്രസിഡന്റ് ജോൺ ജോർജ്, പ്രധാനാദ്ധ്യാപകൻ ബിനു ജേക്കബ് നൈനാൻ, എൽ.സി എം.പി. എന്നിവർ പ്രസംഗിച്ചു. മിനി ദാനിയേൽ, ആൻസി ഏബ്രഹാം, ഷേർളി ദാനിയേൽ, ദീപ എ.കെ എന്നിവർ ചർച്ചകൾ നയിച്ചു.