 
ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂരിലെ ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചെങ്ങന്നൂർ ടൗൺഹാളിൽ കൂടിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . അധികമായി 10 ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക വാർഡ് ആരംഭിക്കും.തീർത്ഥാടകർ വേണ്ടി ആറ് കിടക്കകളും ഇവിടെ ഒരുക്കും. മൂന്ന് ആംബുലൻസുകൾ പ്രവർത്തനസജ്ജമായിരിക്കും. തീർത്ഥാടകർ മരിച്ചാൽ പ്രാഥമിക ചെലവുകൾക്കുള്ള തുക അനുവദിക്കുന്നതിന് അടുത്തവർഷം ആലപ്പുഴ ജില്ലാ കളക്ടർക്ക് കൂടി അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ റെയിൽവേക്കും ബാദ്ധ്യതയുണ്ട്. തീർത്ഥാടകരുടെ വരവ് റെയിൽവേയ്ക്ക് ഏറെ വരുമാനം നൽകുന്നതാണ്.
ശബരിമല ഇടാത്താവളങ്ങളായ ക്ഷേത്രങ്ങളുടെ കുളങ്ങളിൽ അടിയന്തര സഹായത്തിനായി സ്‌കൂബാ ഡൈവർമാരുടെ സേവനം ഉണ്ടാകും. സ്ഥിരം സർവീസുകൾക്ക് പുറമെ പമ്പ, എരുമേലി, പന്തളം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും.റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യും. ഹരിത പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട് മാലിന്യ സംസ്‌കരണം നടത്താനായി നഗരസഭയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പല ഭാഷകളിലായി സൈൻ ബോർഡുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാൻ എം.എൽ.എ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, എ.ഡി.എം. എസ്.സന്തോഷ് കുമാർ, ചെങ്ങന്നൂർ നഗരസഭാ അദ്ധ്യക്ഷ മറിയാമ്മ , വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ , ആർ.ഡി. ഒ. എസ്. സുമ , അഡീഷണൽ എസ്.പി സുരേഷ് കുമാർ ,ജോൺ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.