പന്തളം: വിവാദമുണ്ടാക്കുകയല്ല മഹത്തായ മണ്ഡലകാലം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറിയ വിവാദം പോലും ഉണ്ടാവാത്ത ഒരു മണ്ഡലകാലമാണ് പ്രതീക്ഷിക്കുന്നത്. അതിനായി വകുപ്പുകൾ എല്ലാം തന്നെ മികച്ച പ്രവർത്തനം നടത്തണം. ആരോഗ്യ വകുപ്പിൽ വിവിധ ഭാഷകൾ അറിയാവുന്ന അരോഗ്യ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തണം. ഭക്തർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമുള്ള സംവിധാനം ഒരുക്കണം. ഫയർഫോഴ്‌സിനോടൊപ്പം സിവിൽ ഡിഫൻസ് ടീമിനെ ഇത്തവണ പന്തളത്ത് ഉപയോഗിക്കണം. എല്ലാ വകുപ്പുകളും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. മണ്ഡലകാലത്ത് യൂണിഫോം ഫോഴ്‌സിന് വലിയ ഉത്തരവാദിത്വമാണുള്ളത്.മികച്ച രീതിയിലുള്ള ഇടപെടലുകൾ വകുപ്പുകളിൽ നിന്നുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ,​ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പന്തളംനഗരസഭ ചെയർപേഴ്‌സൺ സുശീലാ സന്തോഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, ചെയർപേഴ്‌സൺ കെ.സീന, കൗൺസിലർ പി.കെ.പുഷ്പലത, ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത് കുമാർ, അടൂർ ഡിവൈഎസ് പി ആർ.ബിനു, ദേവസ്വം ബോർഡ് അഡീഷണൽ സെക്രട്ടറി ടി.ആർ. ജയപാൽ, ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ് പ്രകാശ്, വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.