1
പുറമറ്റം പാടത്തിൽ വിതച്ച നെല്ല് വെള്ളം കയറയത് ഒഴുക്കി വിടാൻ ശ്രമിക്കുന്ന വിനോദ് എന്ന കർഷകൻ

മല്ലപ്പള്ളി : കഴിഞ്ഞ അഞ്ചുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പുറമറ്റം പാടത്ത് വെള്ളം കയറി. പുറമറ്റം കുഴക്കാലായിൽ വീട്ടിൽ വി.സി. ലക്ഷ്മിയമ്മയുടെ 15 ഏക്കറിൽ വിത്തുവിതച്ച പാടശേഖരത്തിലാണ് വെള്ളം കയറിയത്. 30 ദിവസം പ്രായമായ നെല്ല് പൂർണമായും മുങ്ങിക്കിടന്നതോടെയാണ് നാശം സംഭവിച്ചത്.പുറമറ്റം - വെണ്ണിക്കുളം റോഡിൽ പുറമറ്റം കവലയ്ക്ക് സമീപത്തെ പാടത്ത് റോഡിന്റെ ഇരുവശങ്ങളിലായി 42 ഏക്കറിലാണ് വർഷങ്ങളായി ഈ കർഷക കുടുംബം വിളവിറക്കുന്നത്. കഴിഞ്ഞ വേനൽ മഴയിൽ കൃഷി പൂർണമായി വെള്ളത്തിൽ മുങ്ങിയെങ്കിലും മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജിൽ ആയിരുന്ന ഇവർക്ക് കൃഷി വകുപ്പിൽ നിന്നും യാതൊരുവിധ ആനുകൂല്യവും ലഭിച്ചിരുന്നില്ല. പാടത്തു നിന്ന് വെള്ളം ഒഴുകി പോകാനുള്ള തോട് എല്ലാവർഷവും പുനരുദ്ധാരണം നടത്തുന്നുണ്ടെങ്കിൽ ശക്തമായ മഴ ഉണ്ടായാൽ പാടശേഖരം വെള്ളത്തിലാകും. മണിമലയാറിന്റെ തീരത്തുള്ള ഈ പാടത്തിൽ എല്ലാവർഷവും കൃഷി ചെയ്യാറുണ്ടെങ്കിലും പാടത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ അധികൃതർ ഒരുക്കി നൽകാറില്ല. കൃഷിവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് രണ്ടു തവണ ട്രാക്ടർ ഉപയോഗിച്ച് കളനീക്കം ചെയ്യുകയും രണ്ട് തവണ അടിച്ച് നിലം ഒരുക്കുകയും ചെയ്ത ശേഷം വിത്ത് വിതക്കാറുള്ളത് എന്നും ലക്ഷ്മിയമ്മ പറഞ്ഞു. വെള്ളം കയറിയ 15ഏക്കറിൽ വീണ്ടും വിള വിതക്കുകയാണ് ഈ കർഷക കുടുംബം. ലക്ഷ്മിയമ്മയെ കൂടാതെ മക്കളായ കെ.കെ.വിനോദും, കെ.കെ.വിജി കുമാറുമാണ് കാർഷിക ജോലികൾ ചെയ്യുന്നത്.