റാന്നി : അങ്ങാടി പി.എച്ച്.സി കെട്ടിട നിർമ്മാണത്തിന് തയ്യാറാക്കിയ 2.12 കോടി രൂപയുടെ മാസ്റ്റർ പ്ളാന് ഭരണാനുമതി ലഭിച്ചതായി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജിയും വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാറും അറിയിച്ചു. നാഷണൽ ഹെൽത്ത് മിഷനാണ് തുക അനുവദിച്ചത്. കെട്ടിട നിർമ്മാണത്തിന് നെല്ലിക്കമണ്ണിൽ ചാലുമാട്ട് സി.എം വർഗീസും കുടുംബാംഗങ്ങളും ചേർന്ന് പഞ്ചായത്തിന് 12 സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. തുടർന്ന് മുൻ എം.എൽ.എ രാജു ഏബ്രഹാം നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് 1.32 കോടി രൂപയും അഡ്വ.പ്രമോദ് നാരായൺ എം.എൽ എ 80 ലക്ഷം രൂപയും അനുവദിപ്പിച്ചിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വിശദമായ മാസ്റ്റർ പ്ളാനും തയാറാക്കി. ഈ മാസ്റ്റർ പ്ളാനിനാണ് ഭരണാനുമതി ലഭിച്ചത്. ഫണ്ട് ഉപയോഗിക്കണമെങ്കിൽ ഈ സ്ഥലം പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിൽ എഴുതി നൽകേണ്ടതുണ്ട്. പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ അതിനായി കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനീയർ എന്നിവരുമായി തീരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാപ് കോസ് ലിമിറ്റഡിലെ എൻജിനീയർമാരുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനയും നടത്തിയിരുന്നു.