തിരുവല്ല: ഉത്രാടം തിരുനാൾ പമ്പാ ജലമേള ഡിസംബർ നാലിന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈമാസം 26 വരെ വള്ളങ്ങളുടെ രജിസ്‌ട്രേഷൻ നടക്കും. രജിസ്ട്രേഷന് ആധാർ കാർഡും സമ്മതപത്രവും നിർബന്ധമാണ്. തുടർന്ന് 30ന് വള്ളങ്ങളുടെ നറുക്കെടുപ്പ് നടക്കും. വെള്ളപ്പൊക്കത്തെ തുടർന്നാണ് കഴിഞ്ഞ സെപ്തംബറിൽ നടക്കേണ്ട വള്ളംകളി ഇത്തവണ ഡിസംബറിലേക്ക് മാറ്റിയത്. ജലമേളയോടനുബന്ധിച്ച് ഡിസംബർ മൂന്നിന് കെ.ആർ.ഗോപകുമാർ ക്യാപ്റ്റനായി തിരുവല്ലയിൽ നിന്നും നീരേറ്റുപുറത്തേക്ക് ലഹരിവിരുദ്ധ വിളംബര ഘോഷയാത്ര നടക്കുമെന്ന് ജനറൽ കൺവീനർ ജഗൻ തോമസ്, സംഘാടകസമിതി ഭാരവാഹികളായ എ.വി.കുര്യൻ, ജോയി ആറ്റുമാലിൽ, വി.ആർ.രാജേഷ്, സജി കൂടാരത്തിൽ ഷിബു വർക്കി, ബിന്നി പി.ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.