തിരുവല്ല: താലൂക്ക് ആശുപത്രിയിലെ ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്ററിന്റെ (ഡി.ഇ.ഐ.സി) ആഭിമുഖ്യത്തിൽ 14ന് ഉച്ചയ്ക്ക് രണ്ടുമുതൽ തിരുവല്ല മുൻസിപ്പൽ പാർക്കിൽ ശിശുദിനാഘോഷം 'വാത്സല്യം 2022' സംഘടിപ്പിക്കും. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് അദ്ധ്യക്ഷത വഹിക്കും. സബ് കളക്ടർ ശ്വേതാ നഗർകോട്ടി വിശിഷ്ടാതിഥിയാകും. ഡി.ഇ.ഐ.സി. മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതാകുമാരി.എൽ സന്ദേശം നൽകും. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി.എൻ, ഡി.ഇ.ഐ.സി മാനേജർ അർച്ചന സഹജൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ശിശുരോഗ വിദഗ്ദരായ ഡോ. മഞ്ജു എബ്രഹാം, ഡോ. സ്മിതാ വിശ്വനാഥ്‌, ഡോ. അഞ്ജു ആൻ ജോർജ് എന്നിവർ ക്ലാസെടുക്കും.
ഇതോടനുബന്ധിച്ച് കുട്ടികളുടെ വളർച്ച, വികാസം എന്നിവ സംബന്ധിച്ച വിവിധ പദ്ധതികളുടെ ഡി.ഇ.ഐ.സിയിലെ ഗുണഭോക്തൃ സംഗമം, കുട്ടികളുടെ പെയിന്റിംഗ് എക്സിബിഷൻ, വിവിധ കലാപരിപാടികൾ, മാതാപിതാക്കളുടെ അനുഭവം പങ്കുവയ്ക്കൽ, സമ്മാന വിതരണം എന്നിവയുണ്ടാകും. പരിപാടിക്ക് മുന്നോടിയായി തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് താലൂക്ക് ആശുപത്രി അങ്കണത്തിലേക്ക് കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഫ്‌ളാഷ് മോബ്, റാലി, നഴ്‌സിങ് കോളേജ് കുട്ടികളുടെ പോസ്റ്റർ മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്.