photo
പൂങ്കാവ് പള്ളിത്തോട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി ജല അതോറിറ്റിയുടെ പൊട്ടിയ പൈപ്പ് ലൈൻ ശരിയാക്കിയപ്പോൾ

പ്രമാടം : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പൂങ്കാവ് പള്ളിത്തോട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി. ജല അതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് പൈപ്പ് പൊട്ടി ഇവിടെ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. പമ്പിംഗ് സമയങ്ങളിൽ റോഡ് തോടുപോലെയാകും. നാട്ടുകാർ നിരവധി തവണ പരാതികൾ പറഞ്ഞ് മടുത്തെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തര നടപടി. വെള്ളക്കെട്ട് കാരണം വർഷങ്ങൾക്ക് മുമ്പ് കോൺക്റീ​റ്റ് ചെയ്ത റോഡും നാശത്തിന്റെ വക്കിലാണ്. റോഡ് പുന:രുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പൈപ്പ് ലൈൻ നന്നാക്കിയ സ്ഥിതിക്ക് റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ലക്ഷംവീട് കോളനി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൂങ്കാവ്. മഴ സമയങ്ങളിൽ പോലും ശുദ്ധജല ക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശവും ഇവിടെയുണ്ട്. പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. പള്ളിത്തോട് റോഡിലെ പൈപ്പ് പൊട്ടൽ കാരണം മിക്കവർക്കും ആവശ്യാനുസരണം വെള്ളം ലഭിച്ചിരുന്നില്ല. ഇന്നലെയോടെ ഇതിന് പരിഹാരമായി.

എളുപ്പത്തിലെത്താം

പ്രമാടം പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമാണ് പൂങ്കാവ്. കോന്നി, ളാക്കൂർ, ഇളകൊള്ളൂർ, മല്ലശേരിമുക്ക് എന്നിവിടങ്ങളിൽ നിന്നും എത്തുന്നവർ പൂങ്കാവ് കവല ചു​റ്റാതെ പ്രമാടം -പത്തനംതിട്ട റോഡിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ പള്ളിത്തോട് റോഡാണ് ഉപയോഗിക്കുന്നത്. കൂടാതെ പോസ്​റ്റ് ഓഫീസ്, ആരാധനാലയങ്ങൾ, ബാങ്ക്, സപ്‌ളൈക്കോ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിൽ വള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കിയിരുന്നു.