ചെങ്ങന്നൂർ: സംസ്ഥാന പൊലീസ് മേധാവിയെ കബളിപ്പിച്ചുകൊണ്ട് ചെങ്ങന്നൂർ പൊലീസ് കേസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് വിവാദമായി. പരാതിക്കാരി വീണ്ടും ഡി.ജി.പിയെ സമീപിച്ചതോടെ പുനരന്വേഷണത്തിനും ഉത്തരവായി. ഭർത്താവിനെതിരെയുള്ള വധഭീഷണിയെ തുടർന്ന് ചെങ്ങന്നൂർ പുത്തൻമഠത്തിൽ ശ്രീഭവനത്തിൽ മീര ശ്യാമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. എന്നാൽ കേസിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം നടത്താതെ വ്യാജമൊഴി ചമച്ച് കള്ള ഒപ്പിട്ട് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് മീര പറഞ്ഞു. ഇക്കാര്യം വിവരാവകാശപ്രകാരം മനസിലാക്കിയ യുവതി ഡി.ജി.പിക്ക് വീണ്ടും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപ് ഡി.ജി.പി ഓഫീസ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ നിന്ന് യുവതിയുടെ മൊഴിയെടുത്തു. ആദ്യം ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ചെങ്ങന്നൂർ ഇൻസ്‌പെക്ടറുടെ ഓഫീസിൽ നിന്നുമാണ് അന്വേഷണം നടത്തിയത്. മീരയുടെ ഭർത്താവ് അനൂപ് എസ്.കുമാറിന് ഒരു വ്യക്തിയിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടിയാണ് ഡി.ജി.പിക്ക് പരാതി സമർപ്പിച്ചത്. തുടർ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോഴാണ് പൊലീസിന്റെ തട്ടിപ്പ് അറിയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി മീരയുടെ മൊഴിയെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനും പരാതി നൽകിയിരുന്നു. ഉടൻ നടപടിയുണ്ടാകുമെന്ന മറുപടി ലഭിച്ചതായി മീര പറഞ്ഞു.
പരാതി ഒതുക്കിത്തീർക്കാൻ ശ്രമം
യുവതിയുടെ പരാതിയിൽ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം പൊലീസ് വ്യാജ റിപ്പോർട്ട് നൽകിയ സംഭവത്തിൽ കേസ് ഒതുക്കാൻ ചെങ്ങന്നൂർ പൊലീസ് ശ്രമം ആരംഭിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീട്ടിലെത്തി പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.