drm
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഡി.ആർ.എം സന്ദർശിച്ചപ്പോൾ, ആന്റോ ആന്റണി എം.പി, മുൻസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി എന്നിവർ സമീപം

തിരുവല്ല : ശബരിമല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി റെയിൽവേ സ്റ്റേഷന്റെ വികസന കാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദ് സന്ദർശനം നടത്തി. ആന്റോ ആന്റണി എം.പിയുമായി കൂടിക്കാഴ്ച നടത്തി. സ്റ്റേഷനിലെ ഉദ്ഘാടനം കഴിഞ്ഞ എസ്‌കലേറ്റർ ഓപ്പറേറ്ററുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കും. ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിലും സമീനരീതിയിൽ എസ്‌കലേറ്റർ പ്രവർത്തിപ്പിക്കും. നിർമ്മാണം പൂർത്തിയായ ലിഫ്റ്റ് ഉടനെ തുറന്നുകൊടുക്കും. റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്തുകൂടി വൺവേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കും. ഉപയോഗശൂന്യമായ ശൗചാലയങ്ങൾ പ്രവർത്തിപ്പിക്കും. ഇ ടോയിലറ്റ് സംവിധാനം സ്പോൺസർമാരുടെ സഹായത്തോടെ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷന്റെ മുന്നിലെ ഉയരമില്ലാത്ത പോർച്ച്‌ ഉയർത്തി നിർമ്മിക്കാനും നടപടിയെടുക്കും. സുരക്ഷകൂട്ടാൻ സ്റ്റേഷനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും രാത്രിയിലെ അനാശാസ്യ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷൻ വളപ്പിൽ റോഡരുകിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. സ്റ്റേഷൻ വളപ്പിലെ വെള്ളക്കെട്ട് പ്രശ്നം, എ.ടി.എം കൗണ്ടർ പ്രവർത്തനം, മറ്റ് വികസന പ്രവർത്തനങ്ങൾ, റോഡ് വീതികൂട്ടി ടാറിംഗ്, മരങ്ങൾ മുറിച്ചുനീക്കി സ്റ്റേഷൻ വളപ്പിലെ കാട് തെളിക്കൽ, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലൊന്നും തീരുമാനമായില്ല. മുൻസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി, യാത്രക്കാർ തുടങ്ങിയവർ പരാതികൾ അറിയിച്ചു. സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം നേരം ചെലവഴിച്ചാണ് ഡി.ആർ.എമ്മും സംഘവും മടങ്ങിയത്.