 
ചെങ്ങന്നൂർ: മാസ്റ്റർ പ്ലാനിൽ അതിതീവ്രമേഖലയായി പ്രഖ്യാപിച്ച നഗരസഭയിലെ മംഗലം, വാഴാർ മംഗലം വാർഡുകളിൽ കെട്ടിട നിർമ്മാണ, ഭൂവിനിയോഗ പ്രവർത്തനങ്ങൾ തടയുന്നത് ഒഴിവാക്കുവാൻ സർക്കാരിനെ സമീപിക്കുന്നതിന് സജി ചെറിയാൻ എം.എൽ.എ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി. മാസ്റ്റർ പ്ലാൻ 2041 ന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭ കൗൺസിൽ 2021 ജൂൺ 4ന് അംഗീകരിച്ച തീരുമാനമനുസരിച്ച് നഗരസഭയിലെ 5, 6, 7 വാർഡുകൾ ഉൾക്കൊള്ളുന്ന മംഗലം, വാഴാർ മംഗലം പ്രദേശത്ത് പുതിയ കെട്ടിട നിർമ്മാണം, അറ്റകുറ്റപ്പണി, ഭൂവിനിയോഗം അടക്കമുള്ള വിഷയങ്ങളിൽ നിലവിൽ വന്ന നിയമപ്രശ്‌നങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഈ വിഷയത്തിൽ മംഗലം, വാഴാർമംഗലം പ്രദേശ വാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രശ്‌ന പരിഹാരത്തിന് യോജിച്ച് പ്രവർത്തിക്കണമെന്നും സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. നാളെ വൈകിട്ട് 4ന് മംഗലം മർത്തോമ്മ പാരിഷ് ഹാളിൽ പ്രതിഷേധയോഗം ചേരാനിരിക്കെയാണ് എം.എൽ.എ പ്രശ്‌ന പരിഹാരത്തിനായി സർവകക്ഷി യോഗം വിളിച്ചു ചേർത്തത്. പ്രശ്‌നത്തിൽ പുന:പരിശോധന ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ പാസാക്കിയ പ്രമേയം സർക്കാരിന് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ഒപ്പം ഗസറ്റു വിജ്ഞാപനം റദ്ദു ചെയ്യുകയോ, ആവശ്യമായ മാറ്റം വരുന്നതിനും ശ്രമിക്കും.എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, നഗരസഭ വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ ജില്ലാ ടൗൺ പ്ലാനർ ജോൺ, ഡെപ്യൂട്ടി ടൗൺ പ്ലാനർ ഗ്ലാഡിസ്, നഗരസഭാംഗങ്ങളായ മോഹനൻ, ലതിക, ഏബ്രഹാം ജോസ്, ആർ. സന്ദീപ്,ഗിരീഷ് ഇലഞ്ഞിമേൽ, ടി.ടി.എം വർഗീസ്, വി.വി അജയൻ, സജി വെള്ളവന്താനം, മംഗലം വാഴാർ മംഗലം ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ രാജൻ ഡാനിയേൽ, സെക്രട്ടറി ഷാജി, വി.വി അജയൻ, അനസ് പൂവാലംപറമ്പിൽ, അഡ്വ.എ രമേശ്, കെ.എൻ രാജീവ്, സുരേഷ് പീടികയിൽ എന്നിവർ പങ്കെടുത്തു.