തിരുവല്ല: തൈമറവുംകരയിൽ വീട്ടമ്മയെ ആക്രമിച്ച് രോഗിയായ വൃദ്ധയുടെ രണ്ടു പവന്റെ സ്വര്‍ണമാല കവർന്നു. കാൻസർ രോഗിയായ തൈമറവുങ്കര തുണ്ടി ഉഴത്തിൽ വീട്ടിൽ ശാന്തമ്മ (72)യുടെ മാലയാണ് കവർന്നത്. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. ശാന്തമ്മയുടെ മരുമകള്‍ പുഷ്പ പുലര്‍ച്ചെ നാലിന് വീടിന്‍റെ പിന്‍വശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഈസമയം മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന വൃദ്ധയുടെ മാല കവരുകയായിരുന്നു. മുറിക്കുള്ളിൽ ശബ്ദംകേട്ട് പുഷ്പ വീടിന് ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ മുറിയുടെ വാതിലിന് സമീപം നിൽക്കുകയായിരുന്ന മോഷ്ടാവ് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് പുഷ്പയെ അടിച്ചശേഷം പിൻവാതിലിലൂടെ കടന്നുകളഞ്ഞു. തുടർന്ന് ശാന്തമ്മ തിരുവല്ല പൊലീസിൽ പരാതി നല്കി.