 
പന്തളം: മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന മഹാമൃത്യുഞ്ജയ ഹോമത്തിനോടനുബന്ധിച്ചു നടന്ന അശ്വ പൂജയ്ക്ക് നൂറുകണക്കിന് ഭക്തർ പങ്കാളികളായി. ശാസ്താവിന്റെ ഭജനവും അതിലൂടെ ലക്ഷ്യത്തിലേക്ക് വേഗത കൈവരിക്കുന്നതിനായുള്ള സമർപ്പണവും എന്ന സങ്കൽപ്പത്തിൽ മഹാമൃത്യുഞ്ജയഹോമത്തിനോടനുബന്ധിച്ച് നടത്തുന്ന അശ്വപൂജയ്ക്ക് തട്ടയിൽ സ്വദേശി ചിക്കു നന്ദനയുടെ ഉടമസ്ഥതയിലുള്ള ആമിനന്ദന എന്ന കുതിരയാണ് പൂജയ്ക്ക് എത്തിച്ചിരുന്നത്. കുതിരയെ അണിയിച്ചൊരുക്കി ,പൂജിച്ച പട്ടു ചാർത്തി വിശേഷാൽ പൂജകൾക്കു ശേഷം ഭക്തർ മുതിരയും വൈക്കോലും വഴിപാടായി സമർപ്പിച്ചു. ക്ഷേത്ര പ്രദിക്ഷണത്തിന് ഭക്തരും കുതിരയെ അനുഗമിച്ചു.
ബാഹുബലി, ചാർലി , പത്തൊൻപതാംനൂറ്റാണ്ട് എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കുതിരയെ കാണാനും അതിനോടൊപ്പം ചിത്രം എടുക്കാനും ഭക്തരുടെ തിരക്ക് തന്നെയായിരുന്നു. വൈകിട്ട് താമരപ്പൂവ് കൊണ്ട് മഹാദേവന് പൂമൂടലും തുടർന്ന് ദീപാരാധനയും നടന്നു. യജ്ഞ മണ്ഡപത്തിൽ സമൂഹ സഹസ്രനാമാർച്ചനയും ഭഗവതി സേവയും സപ്തമാതൃപൂജയും തുടർന്ന് പ്രസാദ വിതരണവുമുണ്ടായിരുന്നു.