road
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയെയും, കോന്നി - പൂങ്കാവ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോന്നി ടൗണിലെ പെട്രോൾ പമ്പിനു സമീപത്തെ പഞ്ചായത്ത് റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നു

കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയെയും, കോന്നി - പൂങ്കാവ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോന്നി ടൗണിലെ പെട്രോൾ പമ്പിനു സമീപത്തെ പഞ്ചായത്ത് റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് ഓട പണികൾ പൂർത്തിയായതോടെ ഈ വഴി താഴ്ച്ചയിലായതും, മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണമാവുന്നത്. നിരവധി കാൽനടയാത്രക്കാരും ചെറിയ വാഹനങ്ങളും ഇതുവഴിയാണ് ഇരു റോഡിലേക്കും കടന്നു പോകുന്നതും വരുന്നതും. താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ്, സബ്ട്രഷറി, എ.ഇ.ഒ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്,ഇക്കോ ടൂറിസം സെന്റർ, സബ് ആർ.ടി.ഒ ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകളിലേക്കും മറ്റും സെൻട്രൽ ജംഗ്ഷനിൽ എത്താതെ എളുപ്പം പോകാൻ കഴിയുന്ന ഇടറോഡാണ് ഇത്. ഇരുവശങ്ങളിലുമുള്ള റോഡുകൾക്ക് സമാന്തരമായി ഈ റോഡും ഉയർത്തിയാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയും.