
അടൂർ : എം.ആർ.ഐ സ്കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ സംഭവം പുറത്തറിഞ്ഞതോടെ ലാബിന് മുന്നിൽ വിവിധ സംഘടനകളുടെ വൻപ്രതിഷേധം. അടൂർ ജനറൽ ആശുപത്രിക്ക് സമീപം അടുത്തിടെ തുടങ്ങിയ ദേവീ സ്കാൻ എന്ന ലാബിലേക്കാണ് ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ രാവിലെ 10ന് ഏരിയാ സെക്രട്ടറി മുഹമ്മദ് അനസിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആദ്യം പ്രതിഷേധിച്ചത്. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യംമുഴക്കി. ധർണ ജില്ലാസെക്രട്ടറി ബി.നിസാം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പ്രശാന്ത് മോഹൻ അദ്ധ്യക്ഷതവഹിച്ചു. സ്ഥാപനത്തിന്റെ ഗ്ലാസിലും ഭിത്തിയിലും പ്രതിഷേധക്കാർ കരിഒായിൽ ഒഴിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അഖിൽ പെരിങ്ങനാടൻ, വിനീഷ്, സുനിൽ മാഞ്ഞാലി, പ്രശാന്ത്, അമൽ, ഹരി, എസ്.ശ്രീനി എന്നിവർ നേതൃത്വംനല്കി.
ഇതിനിടെയാണ് യൂത്തുകോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയത്. ദേവി സ്കാൻസിന്റെ ബോർഡിൽ ഇട്ടിരുന്ന വൈദ്യുത അലങ്കരങ്ങൾ നശിപ്പിച്ചു. ഫ്ലക്സ് ബോർഡ് അടിച്ചു തകർത്തശേഷം സ്ഥാപനം തുടലിട്ടുപൂട്ടി കൊടിസ്ഥാപിച്ചു. പൊലീസ് തടയാൻ ശ്രമിച്ചത് ഉന്തുംതള്ളിലും കലാശിച്ചു. പ്രതിഷേധം ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റിനൊ പി.രാജൻ അദ്ധ്യക്ഷനായിരുന്നു. പഴകുളം ശിവദാസൻ, അഡ്വ.ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ഫെന്നി നൈനാൻ , ജയകൃഷ്ണൻ പള്ളിക്കൽ, അരവിന്ദ് ചന്ദ്രശേഖരൻ , ജയപ്രകാശ് പള്ളിക്കൽ, ക്രിസ്റ്റോ വർഗീസ് , ജെറിൻ കടമ്പനാട് എന്നിവർ നേതൃത്വം നല്കി.
ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി, ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, എസ്.സി.മോർച്ച ജില്ലാപ്രസിഡന്റ് രൂപേഷ് അടൂർ, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ മാങ്കൂട്ടം, അജി വിശ്വനാഥ്, അനിൽ എനാത്ത്, എസ്.വേണുഗോപാൽ, ഗോപൻ മിത്രപുരം,ശിവദാസൻ നായർ, വിനോദ് വാസുദേവൻ, ജയൻ പന്നിവിഴ, ഹരികുമാർ പറക്കോട്, സതീശൻ നായർ, സജീവ്, സാംകുട്ടി, സിയാദ് പറക്കോട്, സന്തോഷ് ബാലൻ, ബിജു കരുവാറ്റ, മഹേഷ് അടൂർ, ശ്രീജിത്ത്, സുധീഷ്, ശ്രീജി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.