
പത്തനംതിട്ട : ജില്ലാതല ശിശുദിനാഘോഷം വർണോത്സവം നാളെ വിപുലമായ പരിപാടികളോടെ പത്തനംതിട്ടയിൽ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലയിലെ വിദ്യാലയങ്ങളുടെയും എൻ.സി.സി, സ്‌കൗട്ട്, കുടുംബശ്രീ, നെഹ്രു യുവകേന്ദ്ര, എസ്.പി.സി കേഡറ്റുമാർ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാവിലെ എട്ടിന് കളക്ടറേറ്റിൽ നിന്ന് ആരംഭിക്കുന്ന ശിശുദിന ഘോഷയാത്ര പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പതാക ഉയർത്തും.
ശിശുദിന റാലി പത്തനംതിട്ട ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (തൈക്കാവ്) എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പഴകുളം ഗവ.എൽ.പി.എസിലെ വിദ്യാർത്ഥിയും കുട്ടികളുടെ പ്രധാനമന്ത്രിയുമായ നെഹ്‌സീന കെ.നദീർ ഉദ്ഘാടനം ചെയ്യും. കൊടുമൺ സെന്റ്.പീറ്റേഴ്‌സ് യു.പി.എസിലെ വിദ്യാർത്ഥിയും കുട്ടികളുടെ സ്പീക്കറുമായ ആൽക്ക മേരി ബിജു അദ്ധ്യക്ഷതവഹിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ശിശുദിന സന്ദേശം നൽകും.
സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ.ടി.കെ.ജി നായർ സ്റ്റാമ്പ് പ്രകാശനം നിർവഹിക്കും. വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ സമ്മാനദാനം നിർവഹിക്കും. കലഞ്ഞൂർ ഗവ.എച്ച്.എസ്.എസിലെ വി.നിരഞ്ജൻ, ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ എൽ.ജിതാലക്ഷ്മി, ചൂരക്കോട് എൻ.എസ്.എസ് എച്ച്.എസ്.എസിലെ സോജു സി.ജോസ് എന്നീ വിദ്യാർത്ഥികളും ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.കെ. മോഹൻകുമാറും പ്രസംഗിക്കും.