ചെങ്ങന്നൂർ: ഭർത്താവിനെതിരെ വധഭീഷണിയുണ്ടെന്ന പരാതിയിൽ ചെങ്ങന്നൂർ പൊലീസ് വ്യാജമൊഴി ചമച്ച് കള്ള ഒപ്പിട്ടെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുമെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ. ജോസ് പറഞ്ഞു. ഇതിനായി യുവതിയുടെ മൊഴിയെടുത്തു. ആദ്യം അന്വേഷണം നടത്തിയ ചെങ്ങന്നൂർ എസ്.എച്ച്.ഒ. ജോസ് മാത്യുവിനോട് വിശദീകരണം തേടി. 2021 നവംബറിലാണ് ചെങ്ങന്നൂർ പുത്തൻമഠത്തിൽ ശ്രീഭവനത്തിൽ മീരാ ശ്യാം തന്റെ ഭർത്താവിനെതിരെ വധഭീഷണിയുണ്ടെന്ന് ഡി.ജി.പി.ക്കു പരാതി നൽകിയത്. ഈ പരാതിയിലാണ് ചെങ്ങന്നൂർ പൊലീസ് വ്യാജമൊഴി തയ്യാറാക്കിയതായി യുവതി ഡി.ജി.പി.ക്കു പരാതി നൽകിയത്. തുടർന്നാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൊഴിയെടുത്തത്. ഭർത്താവായ അനൂപ് എസ്. കുമാറിന് ഒരുവ്യക്തിയിൽനിന്ന് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു പരാതി. എന്നാൽ ചെങ്ങന്നൂർ പൊലീസ് മീരാ ശ്യാമിന്റെ വ്യാജമൊഴി തയ്യാറാക്കി കള്ള ഒപ്പിട്ട് റിപ്പോർട്ടുനൽകി ഡി.ജി.പി. യെയും കബളിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം. പരാതിയിൽ തുടർനടപടിയുണ്ടാകാതായതോടെ വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് തന്റെപേരിൽ വ്യാജമൊഴിയും ഒപ്പുമിട്ട് പൊലീസ് റിപ്പോർട്ട് നൽകിയകാര്യം മീര അറിയുന്നത്.