പന്തളം: പന്തളം മഹാദേവ ഹിന്ദുസേവാ സമിതി മുളമ്പുഴ പ്രാദേശിക സഭ പുതിയതായി പണികഴിപ്പിക്കുന്ന കെട്ടുകുതിരയ്ക്കുള്ള ഉളികുത്തൽ 14ന് രാവിലെ 6.35നും 7.30നും മദ്ധ്യേ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
83 അടി ഉയരമുള്ളതായിരിക്കും പുതിയ കുതിര. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടു കുതിരയുടെ രീതിയിലാണ് നിർമ്മാണം. പന്തളം മഹാദേവർക്ഷേത്രത്തിലെ അടുത്ത കുംഭത്തിരുവാതിര മഹോത്സവത്തിന് പുതിയ കെട്ടുകുതിരയെ പ്രദർശിപ്പിക്കും. ചെട്ടികുളങ്ങര ഈരേഴ വടക്ക് പുത്തൻവീട്ടിൽ രാധാകൃഷ്ണൻ ആചാരിയും മകൻ രതീഷുമാണ് നിർമ്മാണത്തിനു നേതൃത്വം നൽകുക.
നിർമ്മാണത്തിന് ആവശ്യമായ തേക്ക്, ആഞ്ഞിലി, കുമ്പിൾ, പന, തെങ്ങ്, കമുക് തടികൾ ഭക്തർ വഴിപാടായി നൽകിയിട്ടുണ്ട്. തൂക്ക്, വൈരക്കൊടി ഉൾപ്പെടെ വഴിപാടായി സമർപ്പിക്കാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
നിർമ്മാണ കമ്മിറ്റി കൺവീനർ എം.സി. സദാശിവൻ, ജോയിന്റ് കൺവീനർ രജീഷ് ആർ, പ്രാദേശികസഭ പ്രസിഡന്റ് പി. രാധാകൃഷ്ണൻ, സെക്രട്ടറി ഹരികുമാർ ടി.കെ, കമ്മിറ്റി അംഗം ശ്രീകുമാർ സോപാനം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.