പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനക്കാലത്ത് അയ്യപ്പഭക്തർ വരുന്ന ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് സംവിധാനം ഒരുക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകർ നിലയ്ക്കലിൽ പാർക്ക് ചെയ്തിട്ട് കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിൽ എത്തണം എന്നത് അപ്രായോഗികമാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുമടക്കം പ്രായമായവരും ചെറിയ കുട്ടികളുമായി എത്തുന്ന തീർത്ഥാടകരെ ഇത്തരം നിയന്ത്രണം കൂടുതൽ ബുദ്ധിമുട്ടിക്കും. ഭക്തർക്ക് പമ്പയിൽ പാർക്കിംഗ് നിരോധനവും സ്വാധീനമുള്ളവർക്ക് സൗകര്യവും ഒരുക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. അയ്യപ്പഭക്തർക്ക് സുരക്ഷിത യാത്രയും സുഖദർശനവും ഉറപ്പാക്കാൻ സർക്കാരും ദേവസ്വംബോർഡും നടപടി സ്വീകരിക്കണം. ശബരിമല അയ്യപ്പ സേവാസമാജം ദേശീയ വൈസ്‌ചെയർമാൻ സ്വാമി അയ്യപ്പദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം കഴിഞ്ഞ ദിവസം നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. ഭക്തർക്ക് സൗകര്യങ്ങൽ ഒരുക്കി എന്ന അധികൃതരുടെ അവകാശവാദം ശരിയല്ല. ത്രിവേണി മുതൽ പമ്പ ഗണപതി കോവിൽ വരെയുള്ള പാതയിലെ കാടുതെളിക്കാൻ പോലും നടപടി ആയിട്ടില്ല. പമ്പയിലെ ദേവസ്വം അന്നദാന മണ്ഡപവും വൃത്തിയാക്കിയിട്ടില്ല. നീലിമലയിലെ വിശ്രമകേന്ദ്രവും കാടുകയറിയ നിലയിലാണ്. ശബരിപീഠത്തിൽ നാളികേരം ഉടയ്ക്കുന്ന സ്ഥലവും വൃത്തിഹീനമാണ്. ഭസ്മതീർത്ഥക്കുളത്തിന് സമീപവും വൃത്തിയാക്കാൻ നടപടി ഉണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അയ്യപ്പസേവാ സമാജം ശബരിമല ഉപസമിതി കൺവീനർ ഇലന്തൂർ ഹരിദാസ്, സമിതിയംഗം പി.ഡി.പത്മകുമാർ എന്നിവർ പങ്കെടുത്തു.