റാന്നി : മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തീർത്ഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാറണംമൂഴി പഞ്ചായത്ത്. വലിയപാലത്തിനോട് ചേർന്ന് താത്ക്കാലിക ശൗചാലയം, കുടിവെള്ളം, പാർക്കിംഗിനായുള്ള സ്ഥലം എന്നിവയാണ് ഒരുക്കി നൽകുന്നത്. അയ്യപ്പന്മാർക്ക് പാർക്കിംഗിനായി ഒഴിച്ചിട്ടിരുന്ന അറയ്ക്കമൺ ജംഗ്ഷനിലെ റോഡിനു ഇരുവശവും കുടിവെള്ള വിതരണത്തിന്റെ പൈപ്പ് സ്ഥാപിക്കാനെടുത്ത പണികൾക്ക് കഴിഞ്ഞ ശേഷം ചെളിക്കുണ്ടായി കിടക്കുകയായിരുന്നു.ബി.എം.സി. ടാറിംഗ് കഴിഞ്ഞ റോഡിന്റെ ഇരുവശവും പി.ഡബ്ലി.ഡി കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യം പലപ്പോഴായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും നടപടികൾ ഒന്നുമായിട്ടില്ല.തീർത്ഥാടനം അടുത്തപ്പോഴും വാട്ടർ അതോറിറ്റിക്കാർ പൈപ്പിടാൻ റോഡുകുഴിച്ചത് അവർ തന്നെ നന്നാക്കട്ടെ എന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. നാറാണംമൂഴി പഞ്ചായത്തിന് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മക്കിടാൻ പഞ്ചായത്ത് തീരുമാനിച്ചു.ഇതിനായി ജെ.സി.ബി ഉപയോഗിച്ചുള്ള പണികൾ ആരംഭിച്ചു. വശങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലും മറ്റും 16 മുതൽ നിയന്ത്രണം ഉണ്ടാവും.തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും വർഷംതോറും ഒഴിച്ചിടുന്ന സ്ഥലമാണിത്.