ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കെതിരെ മോട്ടോർവാഹനവകുപ്പ് ഏർപ്പെടുത്താനുദ്ദേശിക്കുന്ന അനാവശ്യനിയന്ത്രണം പിൻവലിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ടുമായി എത്തുന്ന അയ്യപ്പഭക്തർ ഹെൽമെറ്റ് ധരിക്കാത്തപക്ഷം പിഴയിടാക്കുമെന്നുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും തീർത്ഥാടക സൗഹൃദനയങ്ങൾ നടപ്പാക്കാൻ സർക്കാർ വകുപ്പുകൾ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എൽ.ജെ.ഡി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അജിത് ആയിക്കാട്, കിസാൻ ജനത ജില്ലാ പ്രസിഡന്റ് വി.എൻ.ഹരിദാസ്, സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, ശ്രീകുമാർ വെണ്മണി, ബി.ഓമനക്കുട്ടൻ നായർ, ടി.ജി.സജികുമാർ, കുര്യൻ മൈനാത്ത്, തോട്ടത്തിൽ സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.