
പത്തനംതിട്ട: പ്രസംഗത്തിൽ തിളങ്ങിയ നെഹ്‌സിന കെ.നദീറാണ് ഇന്നത്തെ ജില്ലാതല ശിശുദിന ആഘോഷത്തിലെ പ്രധാനമന്ത്രി. പത്തനംതിട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ (തൈക്കാവ് ) നടക്കുന്ന ശിശുദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും നെഹ്‌സിനയാണ്. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ മുഖ്യ സന്ദേശം നൽകും.
പഴകുളം ഗവ.എൽ.പി.എസിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ് നെഹ്‌സീന. ശിശുക്ഷേമ വകുപ്പ് നടത്തിയ പറക്കോട് ബ്ളോക്ക് ശിശുദിനാഘോഷത്തിന്റെ പ്രസംഗ മത്സരത്തിൽ നെഹ്സിനയ്ക്കായിരുന്നു ഒന്നാംസ്ഥാനം. ശിശുദിനം ആയിരുന്നു വിഷയം. തുടർന്ന് ജില്ലാതല മത്സരത്തിലും ഒന്നാംസ്ഥാനം നേടി. എന്റെ വിദ്യാലയം എന്നതായിരുന്നു ഇവിടുത്തെ വിഷയം. സ്കൂൾ കലോത്സവത്തിൽ പ്രസംഗം, മോണോ ആക്ട്, അറബി പദ്യപാരായണം മത്സരങ്ങളിൽ പങ്കെടുക്കും.
മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ഓഫീസിലെ ജീവനക്കാരൻ പഴകുളം ചരുവിള തെക്കേതിൽ നദീറിന്റെയും മണക്കാല
ദീപ്തി സ്പെഷൽ സ്കൂൾ ടീച്ചർ അജീനയുടെയും മകളാണ്.