 
പത്തനംതിട്ട : ജില്ലാ സ്റ്റാമ്പ് ഡിപ്പോയിക്ക് മുമ്പിൽ പ്ലൈവുഡുകളും ഉപയോഗ ശൂന്യമായ സാധനങ്ങൾ നിറഞ്ഞതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ബുദ്ധിമുട്ടുന്നെന്ന് പരാതി. തട്ടിതടഞ്ഞുവേണം ഡിപ്പോയ്ക്ക് ഉള്ളിൽ കയറാൻ. ലിഫ്റ്റിന്റെ പണി നടക്കുന്നതിനാൽ നിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന പ്ലൈവുഡുകളും കമ്പികളും മറ്റ് നിർമ്മാണ സാമഗ്രികളുമെന്നാണ് അധികൃതരുടെ വാദം. എന്നാൽ ട്രഷറിയിലേക്ക് പോകുന്നവരും ഉപയോഗ ശൂന്യമായ സാമഗ്രികൾ കടന്നാണ് പോകുന്നത്. താഴത്തെ നിലയിൽ സ്റ്റാമ്പ് ഡിപ്പോയും ആദ്യത്തെ നിലയിൽ ട്രഷറിയുമാണ് പ്രവർത്തിക്കുന്നത്. സ്റ്റാമ്പ് ഡിപ്പോയുടെ പ്രവേശനകവാടത്തിന്റെ ഒരു ഭാഗം മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയിരിക്കുന്നത്. ബാക്കി ഭാഗത്തുള്ള ഗ്രില്ലിട്ട് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ വിവിധ സംഘടനകളുടെ ഫ്ലക്സുകൾ നിരത്തിവച്ചിട്ടുണ്ട്. ലിഫ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനായുള്ള പാറപ്പൊടി ഡിപ്പോയുടെ മുമ്പിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഡിപ്പോയുടെ ബാക്കി ഭാഗത്ത് പായലും പടർപ്പും പടർന്നിട്ടുണ്ട്. നിരവധിയാളുകൾ ദിവസവും വന്നുപോകുന്ന സ്ഥലം കൂടിയാണിത്. പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന പോലുള്ള ചില ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്റ്റാമ്പ് ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ഗ്രില്ലിന്റെ ചെറിയ ഭാഗം മാത്രമാണ് തുറന്നിരിക്കുന്നത്. അത് കടന്ന് വേണം സ്റ്റാമ്പ് ഡിപ്പോയിൽ എത്തി സ്റ്റാമ്പുകൾ വാങ്ങാൻ. നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്. ഡിപ്പോയുടെ മുമ്പിൽ അടിയന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവയും മറഞ്ഞ രീതിയിൽ നിർമ്മാണ സാമഗ്രികൾ വച്ചിരിക്കുകയാണ്. അടിയന്തരമായി സ്റ്റാമ്പ് ഡിപ്പോയിലെ ഉപയോഗശൂന്യമായസാധനങ്ങൾ മാറ്റി വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
..................
"ലിഫ്റ്റിന്റെ പണി നടക്കുന്നത് കൊണ്ടാണ് താഴത്തെ നിലയുടെ
പ്രവേശന ഭാഗം വൃത്തികേടായി കിടക്കുന്നത്. "
(ട്രഷറി അധികൃതർ)