bridge

ഏഴംകുളം : പ്ളാന്റേഷൻമുക്ക് - നെടുമൺകാവ് റോഡ് ഉന്നതനിലവാരത്തിലായെങ്കിലും കല്ലട ഇറിഗേഷൻ കനാലിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നത് യാത്രാദുരിതമാകുന്നു. 9 കിലോമീറ്റർ വരുന്ന പാത ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനൊപ്പം കെ.ഐ.പി പാലം പുനർനിർമ്മിക്കുന്നതിനാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പാലം കാലപ്പഴക്കത്താൽ തീർത്തും ദുർബലവും അപകടാവസ്ഥയിലുമാണ്. വീതിക്കുറവും കൊടുംവളവും വാഹനഗതാഗതത്തിനും ബുദ്ധിമുട്ടാകുന്നു. റോഡ് നിർമ്മാണത്തിനായി അനുവദിച്ച 20 കോടി രൂപയിൽ പുതിയ പാലത്തിനായി 3.50 കോടി രൂപ വകയിരുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ രൂപരേഖയിൽ അപകടകരമായ വളവ് നിവർത്തി പാലം നിർമ്മിക്കാനാണ് ഭരണാനുമതി വാങ്ങിയത്. പ്ളാന്റേഷൻമുക്കിൽ നിന്ന് ആരംഭിക്കുന്ന റോഡിൽ പാലത്തിന് മുൻപായി 50 മീറ്ററും പാലത്തിന് ശേഷം 100 മീറ്ററും ഒഴിച്ചിട്ടാണ് ടാറിംഗ് പൂർത്തിയാക്കിയത്.

പാലം കടക്കാനാകാതെ...

പാലത്തിന് ഇരുവശത്തും ടാറിംഗ് പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾ മറിഞ്ഞും സ്കൂൾ കുട്ടികൾ സൈക്കിൾ നിന്ന് വീണും ഇവിടെ അപകടം പതിവാണ്. നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം നാട്ടുകാരും ഒാട്ടോറിക്ഷ തൊഴിലാളികളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കരാറുകാരന്റെ നിലപാടാണ് പാലംപണിക്ക് തടസമായത്. മൂന്നരകോടി രൂപകൊണ്ട് പാലം പണി പൂർത്തീകരിക്കാനാകില്ലെന്നാണ് കരാറുകാരൻ പറയുന്നത്.

കനാൽ പാലം

പഴയ പാലത്തിന്റെ നീളം - 10 മീറ്റർ

വീതി - 6 മീറ്റർ

പുതിയ പാലത്തിന്റെ നീളം - 28 മീറ്റർ

വീതി - 8 മീറ്റർ

പൊതുമരാമത്ത് അധികൃതരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് പാലത്തിന്റെ നിർമ്മാണത്തിന് തടസം. വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിക്ക് പരാതി നൽകും.

സി.പി.സുഭാഷ്,

സെക്രട്ടറി, ഏഴംകുളം പബ്ളിക് ലൈബ്രറി.