 
പത്തനംതിട്ട : കോൺഗ്രസ് മഹാത്മാഗാന്ധിയെപ്പോലെ വിശ്വാസികളുടെയും നെഹ്രുവിനെപ്പോലെ വിശ്വാസങ്ങളെ ആദരിക്കുന്ന അവിശ്വാസികളുടെയും പാർട്ടിയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കെ.പി.സി.സി നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്റുവിയൻ സിദ്ധാന്തങ്ങളെ മറന്നതാണ് കോൺഗ്രസിന്റെയും ഭാരതത്തിന്റെയും അപചയത്തിന് കാരണം. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരണം. ഇൻഡ്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് നേട്ടങ്ങൾ സൃഷ്ടിക്കുവാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതിനെതിരെ മതേതരത്വ ചേരി ഒന്നിച്ച് പ്രവർത്തിക്കണമെന്നും നെഹ്റുവിലേക്ക് മടങ്ങിവരണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി അംഗം രാഹുൽ മാങ്കൂട്ടത്തിൽ, റോജി പോൾ ഡാനിയേൽ, അബ്ദുൾ കലാം ആസാദ്, അനിൽ തോമസ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ, ജെറി മാത്യു സാം എന്നിവർ പ്രസംഗിച്ചു.