chathurangappara

തിരുവല്ല : മനംകുളിർക്കുന്ന കാഴ്ച്ചകളിലേക്ക് ഉല്ലാസയാത്രയൊരുക്കി ജില്ലയിൽ കെ.എസ്.ആർ.ടി.സി ഒരുവർഷം പിന്നിടുന്നു. ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകി ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിനോദയാത്രകൾ പൊതുജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലക്കപ്പാറ സർവീസുമായി തിരുവല്ല ഡിപ്പോയാണ് ഉല്ലാസയാത്രയ്ക്ക് ജില്ലയിൽ ആദ്യം തുടക്കമിട്ടത്.

2021 നവംബർ ഏഴിന് മാത്യു ടി.തോമസ് എം.എൽ.എ ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇപ്പോൾ മൺറോതുരുത്ത്, പൊന്മുടി, തെന്മല, നെയ്യാർ, ഇഞ്ചത്തൊട്ടി, കണ്ണൂർ, ജംഗിൾ സഫാരി, തിരുവനന്തപുരത്ത്‌ ഡബിൾ ഡക്കർ ബസിൽ യാത്ര, വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടെ ഇരുപതിലേറെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്രകൾ നടത്തുന്നുണ്ട്. ജനപ്രീതി നേടിയതോടെ ആഡംബരക്രൂയിസായ നെഫർറ്റിറ്റിയിൽ വരെ എത്തിനിൽക്കുന്നു യാത്രകൾ. തിരുവല്ലയിൽ വിജയകരമായതോടെ അടൂർ, പത്തനംതിട്ട, കോന്നി എന്നീ ഡിപ്പോകളിൽ നിന്ന് ഉല്ലാസയാത്രകൾക്ക് തുടക്കംകുറിച്ചു. നാലായിരത്തിലേറെ യാത്രക്കാരുമായി നൂറിലധികം യാത്രകൾ ജില്ലയിൽ ഇതുവരെ സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ സി.സന്തോഷ്‌കുമാർ, യൂണിറ്റ് കോർഡിനേറ്റർ ഷിജു.പി.എ, പ്രദീപ്.എസ്, രാജേഷ്.എൽ.ബി, രാജേഷ്. ആർ, റോണി ദാനിയേൽ എന്നിവർ നേതൃത്വം നൽകുന്നു.

അരക്കോടി പിന്നിട്ട് വരുമാനം
ഒരുവർഷമായി തുടരുന്ന ഉല്ലാസയാത്രകളിലൂടെ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി 65 ലക്ഷം രൂപ വരുമാനം നേടി മുന്നേറുകയാണ് കെ.എസ്.ആർ.ടി.സി. ഇതിൽ 50 ലക്ഷവും തിരുവല്ലയിൽ നിന്നാണ്. സാധാരണ സർവീസുകൾക്ക് പുറമെയുള്ള അധിക വരുമാനമാണിത്. കുറഞ്ഞ ചെലവിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യാമെന്നതിനാലാണ് കൂടുതൽപ്പേർ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്. ഓരോ യാത്രയും അവസാനിക്കുമ്പോൾ അടുത്ത യാത്രയിലും ഉണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് യാത്രക്കാർ മടങ്ങുന്നതെന്ന് ടൂർ കോർഡിനേറ്റർമാർ പറയുന്നു.

വിനോദയാത്രകൾ ഉടനെ

തിരുവല്ല
19നും 26നും വയനാട് ട്രിപ്പ്: (നാലുദിവസത്തെ യാത്ര. ജംഗിൾ സഫാരി, താമസം ഉൾപ്പെടെ):- 3900രൂപ,

20ന് മലക്കപ്പാറ:- 770 രൂപ,

27ന് കുമരകം (ഹൗസ്ബോട്ട് യാത്ര : ഉച്ചഭക്ഷണം ഉൾപ്പെടെ):- 1000 രൂപ.
ഡിസംബർ ഒന്നിന് കൊച്ചിയിൽ ആഡംബര കപ്പൽയാത്ര: 3049 രൂപ

അടൂർ
16ന് കൊച്ചിയിൽ ആഡംബര കപ്പൽയാത്ര:- 3360രൂപ,

20ന് കുമരകം:- 1050രൂപ,

26ന് മൂന്നാർ (രണ്ടുദിവസം):- 1600രൂപ

പത്തനംതിട്ട
27ന് വാഗമൺ:- 710രൂപ

കോന്നി
ഡിസംബർ 4ന് കുമരകം (ഹൗസ്ബോട്ടിൽ ഉച്ചഭക്ഷണം ഉൾപ്പെടെ):-1050രൂപ