 
വള്ളിക്കോട് : കോന്നി - ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് തീയേറ്റർ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി ഓട നിർമ്മാണം തുടങ്ങി. അശാസ്ത്രീയതയെ തുടർന്ന് നിർമ്മാണത്തിൽ ഇരുന്ന ഓടയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതോടെ മഴ പെയ്താൽ പ്രദേശത്ത് വെള്ളപ്പൊക്കം രൂപപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തര നടപടി. ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപമാണ് പൊതുമരാമത്ത് വകുപ്പ് ഓട നിർമ്മാണം തുടങ്ങിയത്. എതിർവശം സ്വകാര്യ വ്യക്തിക്ക് നേരത്തെ തന്നെ കരാർ നൽകിയതാണ്. ഈ ഭാഗത്തെ സംരക്ഷണ ഭിത്തി അടിയന്തരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നോട്ടീസും നൽകിയിട്ടുണ്ട്. പണിയിൽ വീഴ്ച വരുത്തിയാൽ കരാറുകാരനെതിരെ നടപടിയുണ്ടാകും. ഗുരുമന്ദിരത്തിന് എതിർ ഭാഗത്തെ ഓടയിൽ കല്ലും മണ്ണും മെറ്റലും ചെളിയും നിറഞ്ഞതോടെ ചെറിയ മഴ പെയ്യുമ്പോൾ പോലും സമീപത്തെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തരംഗം വീട്ടിൽ ഗീതയുടെ വീട്ടിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.
പണിതിട്ടും പണിതിട്ടും പണി തീരാതെ
പണിതിട്ടും പണിതിട്ടും പണി തീരാതെ അവശേഷിക്കുകയാണ് കോന്നി - ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം. പന്ത്രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിൽ വള്ളിക്കോട് തീയേറ്ററിനും പൈനുംമൂട് ജംഗ്ഷനും ഇടയിലുള്ള 120 മീറ്റർ ഭാഗമാണ് നാട്ടുകാർക്കും യാത്രക്കാർക്കും തലവേദനയായിരിക്കുന്നത്. തുടക്കത്തിൽ അശാസ്ത്രീയമായി പാകിയ ഇന്റർലോക്ക് കട്ടകളായിരുന്നു ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇവ നീക്കം ചെയ്ത് ടാർ ചെയ്തതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ അശാസ്ത്രീയമായ ഓട നിർമ്മാണമാണ് വീണ്ടും വില്ലനായത്. ഓടയുടെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും ബാക്കി ഭാഗം കുഴിയായി തന്നെ കിടക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് മൂടിയും സ്ഥാപിച്ചിട്ടില്ല. ഇവിടെ നിർമ്മാണ അവശിഷ്ടങ്ങൾ കിടക്കുന്നതിൽ സ്വാഭാവിക നീരൊഴുക്കിന് തടസമുണ്ട്. ഇവിടെയും വെള്ളം പന്തിച്ച് വേഗത്തിൽ റോഡിലേക്ക് കയറുമായിരുന്നു. ഓട നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരണം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 2020 അവസാനമാണ് റോഡ് പണി തുടങ്ങിയത്.