പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മിക്ക റോഡുകളിലെയും ജലവിതരണ പൈപ്പുകൾ പൊട്ടി. വെള്ളമില്ലാതെ നഗരവാസികൾ ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമാകുന്നു. വെട്ടിപ്രം, കടമ്മനിട്ട റോഡ്, കണ്ണങ്കര ഭാഗങ്ങളിലാണ് ദിവസങ്ങളായി ജലവിതരണം മുടങ്ങിയത്. പത്തനംതിട്ട - കടമ്മനിട്ട റോഡ് പണിയുടെ ഭാഗമായി കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസിന് സമീപം റോഡ് കലുങ്ക് നിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്. റോഡ് പൊളിച്ചപ്പോൾ ജലവിതരണ പൈപ്പ് ലൈൻ പൊട്ടി. വെട്ടിപ്രം മുതൽ ആടിയാനി ഭാഗം വരെ ജലവിതരണം മുടങ്ങിയിട്ട് ഒരു മാസത്തോളമായി. നാട്ടുകാർ നിരന്തരം വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടൽ പരിഹരിക്കാതെ റോഡ് പണിയാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് നിർമ്മിക്കുന്ന കെ.എസ്.ടി.പി തന്നെ പൈപ്പ് പൊട്ടൽ പരിഹരിക്കണമെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. പത്തനംതിട്ട-വെട്ടിപ്രം റോഡ് പുനർനിർമ്മാണത്തിനായി ആഴത്തിൽ കുഴിയെടുത്ത് ഗതാഗതം തടസപ്പെടുത്തി. പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും റോഡ് നിർമ്മാണം തുടങ്ങിയില്ല. ഇവിടെ കുഴിയെടുത്തപ്പോൾ പൈപ്പ് ലൈൻ പൊട്ടിയതു കാരണം നഗരസഭയിലെ എട്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിലേക്കുളള ജലവിതരണമാണ് മുടങ്ങിയത്. വെള്ളം പാഴാകുന്നത് കണ്ട് കടമ്മനിട്ട റോഡിൽ എൽ.പി സ്കൂളിന് സമീപം പൈപ്പ് അടച്ചു.
ടി.കെ റോഡിൽ വാട്ടർ അതോറിട്ടിയുടെ കോൺക്രീറ്റ് കുഴിയടക്കലിന് പിന്നാലെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി. അബാൻ മുതൽ കുമ്പഴ ഭാഗം വരെ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് റോഡ് മൂടിയ ഭാഗത്തെ പൈപ്പ് ലൈനുകളാണ് പൊട്ടിയത്. റോഡ് ചെളിക്കുളമായതിനെ തുടർന്ന് വാഹന ഗതാതഗതവും ബുദ്ധിമുട്ടിലായി. കണ്ണങ്കര മുതൽ മദീന ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ പൈപ്പ് പൊട്ടി വെളളം പാഴാകുന്നുണ്ട്. നാട്ടുകാർ വാട്ടർ അതോറിട്ടിയിലും പൊതുമരാമത്തിലും അറിയിച്ചെങ്കിലും ആ ഭാഗത്തേക്ക് ആരും എത്തിയില്ല.
നഗരത്തിലെ പൈപ്പ് പൊട്ടൽ ശബരിമല തീർത്ഥാടകരെ ബുദ്ധിമുട്ടിക്കും.
------------------
" വീടുകളിൽ പ്രായമായവരും അസുഖമുളളവരുമുണ്ട്. വെള്ളം കിട്ടാത്തത് വലിയ ദുരതമുണ്ടാക്കുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണം.
ബഷീർ, പത്തനംതിട്ട.
--------------------
ഗുരുതര വീഴ്ച: നഗരസഭ ചെയർമാൻ
പൈപ്പ് പൊട്ടൽ കാരണം നഗരത്തിലെ ജലവിതരണം പ്രതിസന്ധിയിലാണെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. ജല അതോറിട്ടിയും വാട്ടർ അതോറിറ്റിയും കെ.എസ്.ടി.പിയുമാണ് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുടക്കിയതിന്റെ കാരണക്കാർ. എത്ര പറഞ്ഞാലും കേൾക്കാത്ത നിഷേധാത്മക നിലപാടാണ് അവരുടേത്. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഇക്കാര്യം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയിട്ടും അലംഭാവം തുടരുകയാണ്. മൂന്ന് വിഭാഗം ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കും. നഗരസഭയ്ക്ക് ഉപദേശകരുടെ റോൾ മാത്രമാണുള്ളത്. അതിലും കവിഞ്ഞ് ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ല.