
കോന്നി : ഗവ.മെഡിക്കൽ കോളേജിൽ ആദ്യവർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന് രാവിലെ 8.30ന് നടക്കും. മന്ത്രി വീണാ ജോർജ്, കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ എന്നിവർ ചേർന്ന് ആദ്യബാച്ച് വിദ്യാർത്ഥികളെ സ്വീകരിക്കും. കോന്നി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ ജില്ലയുടെ ദീർഘനാളായുള്ള സ്വപ്നമാണ് സാക്ഷാത്കരിച്ചത്. ഈ സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സാദ്ധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി എന്നിവയുടെ നിർമ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു. ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയിൽ നിന്ന് പ്രത്യേകമായി ലഭ്യമാക്കിയിരുന്നു. ഇന്റേണൽ റോഡ്, എസ്.ടി.പി, പ്രവേശന കവാടം മുതലായവ നിർമ്മിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാൻ സ്ഥാപിക്കാൻ അനുമതി നൽകി. ആധുനിക ലേബർറൂം നിർമ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാപദ്ധതിക്ക് അനുമതി ലഭ്യമാക്കിയിട്ടുണ്ട് .ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചു. മൈനർ ഓപ്പറേഷൻ തിയേറ്റർ, ലാബ്, ഫാർമസി, ഇ ഹെൽത്ത്, കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചർ തിയേറ്റർ, ഫാർമക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിൻസിപ്പളിന്റെ കാര്യാലയം, പരീക്ഷാഹാൾ, ലക്ചർഹാൾ, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചർ ഹാൾ, ഫർണിച്ചറുകൾ, ലൈബ്രറി ബുക്കുകൾ, സ്പെസിമെനുകൾ, പഠനനോപകരണങ്ങൾ എന്നിവയും ഒരുങ്ങി കഴിഞ്ഞു.
വിദ്യാർത്ഥി പ്രവേശനത്തിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കെ.യു.ജനീഷ്‌കുമാർ എം.എൽ.എ